തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വിഎസ് മൂന്നാറിലെത്തി

ഞായര്‍, 13 സെപ്‌റ്റംബര്‍ 2015 (11:38 IST)
തോട്ടം തൊഴിലാളികളുടെ സമരത്തിന് പിന്തുണ അറിയിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മൂന്നാറില്‍ എത്തി. സമരക്കാരായ തൊഴിലാളികളെ തമിഴില്‍ അഭിസംബോധന ചെയ്തായിരുന്നു വി എസ് സംസാരിച്ചു തുടങ്ങിയത്.
 
ഏറ്റവും മിവും ന്യായവുമായ ആവശ്യം ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നതെന്ന് വി എസ് പറഞ്ഞു. 19ല്‍ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച ബോണസ് 20 ശതമാനമായി നല്കണം, ദിവസക്കൂലി 232ല്‍ നിന്ന് 500 ആയി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍. ബോണസ് വെട്ടിക്കുറച്ചത് കണ്ണന്‍ ദേവന്‍ കമ്പനി ഉടന്‍ പുനസ്ഥാപിക്കണമെന്നും വി എസ് പറഞ്ഞു.
 
കമ്പനിയെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി എസ് പറഞ്ഞു. നവീന മൂന്നാര്‍ എന്ന ആശയം യു ഡി എഫ് അട്ടിമറിച്ചെന്നും വി എസ് പറഞ്ഞു. എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ കയ്യേറ്റഭൂമി പിടിച്ചെടുത്ത് തൊഴിലാളികള്‍ക്ക് നല്കുമെന്നും വി എസ് പറഞ്ഞു. 
 
സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കുന്നതുവരെ താന്‍ സമരക്കാര്‍ക്കൊപ്പം ഇരിക്കുന്നതാണെന്ന് വി എസ് വ്യക്തമാക്കി.വി എസ്സിനെ ആവേശപൂര്‍വ്വമാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. 

വെബ്ദുനിയ വായിക്കുക