മൂന്നാറിലെ ഭൂമി കയ്യേറ്റം: ആവശ്യമെങ്കിൽ ഇടപെടുമെന്ന് രാജ്നാഥ് സിംഗ് - എല്ലാം ഒഴിപ്പിക്കുമെന്ന് കാനം
ഞായര്‍, 2 ഏപ്രില്‍ 2017 (17:07 IST)
മൂന്നാർ കയ്യേറ്റ വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കൈയേറ്റങ്ങളെ സംബന്ധിച്ച് വിശദമായി പഠിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ബിജെപി നേതാക്കൾ നൽകിയ നിവേദനം പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആലുവ പാലസിലായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച.
മൂന്നാറിൽ വൻ ഭൂമി കയ്യേറ്റമാണ് നടന്നിരിക്കുന്നതെന്ന് കുമ്മനം ആരോപിച്ചു. കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ മൂന്നാറില്‍ ഉത്തരാഖണ്ഡിലേതുപോലെ വന്‍ മലയിടിച്ചിലുണ്ടാകുമെന്നും നിവേദനത്തില്‍ പറയുന്നു.
അതേസമയം, മൂന്നാറിൽ എല്ലാത്തരം കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. കൈയേറ്റം ചെറുതായാലും വലുതായാലും രേഖകൾ പരിശോധിച്ച് റവന്യു ഉദ്യോഗസ്ഥർതന്നെ നടപടിയെടുക്കും. നിയമാനുസൃതമുള്ള കുടിയേറ്റക്കാർക്കു പേടിക്കാനില്ല. കൈയേറ്റമൊഴിപ്പിക്കാൻ പ്രത്യേക സംഘം വേണ്ടെന്നും കാനം പറഞ്ഞു.