നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്തും: മുല്ലപ്പള്ളി

ശ്രീനു എസ്

വെള്ളി, 22 ജനുവരി 2021 (18:54 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഉമ്മന്‍ ചാണ്ടി@50 എന്ന പുസ്തകം ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു  മുല്ലപ്പള്ളി രാമചന്ദ്രന്‍.
 
സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും ഡല്‍ഹിയില്‍ നടന്നിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനവധാനത കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. ജനവിശ്വാസം ഉള്ളവരായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. യുവജനങ്ങള്‍, മഹിളകള്‍, അവശദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍,ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു.ജനങ്ങളെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്ത് കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
 
എല്ലാനേതാക്കളും ഒറ്റക്കെട്ടായി ഒരുമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടും. കൂട്ടായ നേതൃത്വമാണ് നയിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ആരാണ് നയിക്കുക എന്നത് ഹൈക്കമാന്റ് തീരുമാനിക്കും എന്ന് എകെ ആന്റണിയും കെസി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.ഊഹാപോഹങ്ങള്‍ക്ക് പിറകെ ഒരു പ്രവര്‍ത്തകനും പോകരുത്.അച്ചടക്കത്തോടും ഏകമനസ്സോടും കൂടി മുന്നോട്ട് പോയാല്‍ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കും.എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. യുവാക്കളുടെയും അവശദുര്‍ബല വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ വരുന്ന യുഡിഎഫ് സര്‍ക്കാരിനു പരിഹരിക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍