അച്ഛന്‍ വാങ്ങിക്കൊണ്ടുവന്ന മിക്‌സ്ചര്‍ കഴിച്ച് ഒന്നാം ക്ലാസുകാരി മരിച്ചു

തിങ്കള്‍, 12 ജൂലൈ 2021 (12:13 IST)
മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ആറു വയസുകാരിക്ക് ദാരണാന്ത്യം. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി നിവേദിതയാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ അച്ഛന്‍ വീട്ടിലേക്ക് മിക്‌സ്ചര്‍ വാങ്ങികൊണ്ടുവന്നിരുന്നു. കളിക്കുന്നതിനിടെ അച്ഛന്‍ കൊണ്ടുവന്ന മിക്‌സ്ചറില്‍ നിന്ന് കുറച്ചെടുത്ത് കുട്ടി കഴിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ കുട്ടി ചുമയ്ക്കാന്‍ തുടങ്ങി. ശ്വാസതടസം നേരിട്ടപ്പോള്‍ നിവേദിതയെയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെയാണ് സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ശ്വാസ തടസമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മിക്‌സ്ചര്‍ കുട്ടിയുടെ ശ്വസനനാളത്തില്‍ കുടുങ്ങിയതാകുമെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍