ഭവന ആനുകൂല്യത്തില്‍ ലഭിച്ച വീടുകള്‍ ഏഴ് വര്‍ഷം കഴിഞ്ഞാല്‍ വില്‍ക്കാം; സമയപരിധി കുറച്ച് സര്‍ക്കാര്‍

രേണുക വേണു

വെള്ളി, 16 ഓഗസ്റ്റ് 2024 (15:03 IST)
ഭവന ആനുകൂല്യ പ്രകാരം വീട് വില്‍ക്കാനുള്ള സമയ പരിധി ഏഴുവര്‍ഷമായി കുറച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ക്ക് ആ വീട് ഏഴുവര്‍ഷം കഴിഞ്ഞ് വില്‍ക്കാന്‍ അനുവാദം നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.
 
ആനുകൂല്യം ലഭിച്ച വീടുകള്‍ 10 വര്‍ഷം കഴിഞ്ഞു മാത്രമേ കൈമാറാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. 2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഇത് ഏഴു വര്‍ഷമാക്കി ചുരുക്കാന്‍ ജൂലൈ ഒന്നിനു ഉത്തരവായിരുന്നു. ജൂലൈ ഒന്നിനു മുന്‍പുള്ളവര്‍ക്കു 10 വര്‍ഷമായി നിബന്ധന തുടരുകയായിരുന്നു. ഏഴു വര്‍ഷം എന്ന ഇളവ് ഭവന നിര്‍മ്മാണ ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും ബാധമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് എറണാകുളം ജില്ലാ തദ്ദേശ അദാലത്തില്‍ ഉത്തരവിട്ടു. 
 
2024 ജൂലൈ ഒന്നിനു മുന്‍പ് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ക്കും ഇതോടെ ഈ ഇളവ് ലഭിക്കും. വീട് വില്‍ക്കുന്നതോടെ ഇവര്‍ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നല്‍കുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളി ദേവസിയുടെ മകന്‍ പൗലോസ് ഇ.എം.എസ് ഭവന പദ്ധതി പ്രകാരം എട്ട് വര്‍ഷം മുന്‍പ് ലഭിച്ച വീട് വില്‍ക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍