മാണി സൌകര്യമുള്ള സമയം പറയും, വിജിലന്‍സ് ചോദ്യം ചെയ്യും
ബുധന്‍, 6 മെയ് 2015 (11:09 IST)
ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം.മാണിയുടെ മൊഴി രേഖപ്പെടുത്താന്‍ സമയം തേടി വിജിലന്‍സ് ധനമന്ത്രി കെ എം മാണിയെ സമീപിച്ചു. മൊഴിയെടുക്കാനുള്ള സമയം ഉടൻ അറിയിക്കാമെന്ന് മാണി മറുപടി നൽകി. ഇതിനനുസരിച്ചാകും വിജിലൻസ് ഉദ്യോഗസ്ഥർ മാണിയെ ചോദ്യം ചെയ്യുക. ഇതിനായി ചോദ്യാവലിയും തയാറാക്കും. ഇതുവരെ ലഭിച്ച മൊഴികളുടേയും തെളിവുകളുടെയും അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ചില കാര്യങ്ങളിൽ മാണിയിൽ നിന്ന് വിജിലൻസിന് വ്യക്തത വരുത്തേണ്ടതുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കുറച്ചുദിവസം മുമ്പ് മാണിയുടെ ഔദ്യോഗിക വസതിയുടെ പരിസരത്ത് വിജിലൻസ് പരിശോധന നടത്തിയിരുന്നു. മാണിക്ക് പണം കൈമാറുന്നത് കണ്ടുവെന്ന ബാറുടമ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇനി കേസിൽ പ്രധാനമായും ശേഷിക്കുന്നത് മാണിയുടെ ചോദ്യം ചെയ്യലാണ്. അതുകൂടി കഴിഞ്ഞാൽ വിജിലൻസ് അന്തിമ റിപ്പോർട്ട് തയാറാക്കും.
മാണിക്കെതിരായ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം അന്തിമ റിപ്പോർട്ട് തയാറാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ വിജിലൻസ് കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന വിജിലൻസ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി.ആർ. സുകേശന്‍ 300ൽ ഏറെ ബാറുടമകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള ബാറുടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്.
ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയോടൊപ്പം നൽകിയ ശബ്ദരേഖയുടെ ഫൊറൻസിക് ഫലം കാത്തിരിക്കുകയാണ്. അഞ്ച് ബാറുടമകളെ നുണപരിശോധന നടത്താനുള്ള നടപടി പുരോഗമിക്കുന്നു. കേസില്‍ ദൃക്സാക്ഷിയായ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളി നുണപരിശോധനയ്ക്കു തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇവരെ അടുത്തയാഴ്ച നുണപരിശോധനയ്ക്ക് വിധേയമാക്കും. മറ്റുചില ബാറുടമകളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചെങ്കിലും അവർ സമയം നീട്ടിചോദിച്ചിരിക്കുകയാണ്.