വീട്ടുജോലിക്കാരനെ കൊന്നു കിണറ്റില്‍ തള്ളി: ഗൃഹനാഥന്‍ അറസ്റ്റില്‍

ബുധന്‍, 10 ഓഗസ്റ്റ് 2016 (13:24 IST)
വീട്ടില്‍ ജോലിക്കു നിന്നയാളെ കൊന്നു കഷണങ്ങളാക്കി കിണറ്റില്‍ തള്ളിയതുമായി ബന്ധപ്പെട്ട് ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമനൂര്‍ പാപ്പാല പുളിമ്പള്ളിക്കോണം പാലക്കുന്ന് കോളനിയില്‍ കൂലിപ്പണി ചെയ്യുന്ന രവി എന്ന 55 കാരനാണു ഈ ദുര്‍വിധി നേരിടേണ്ടിവന്നത്.
 
ഇയാള്‍ ജോലിക്കു നിന്ന പുളിമ്പള്ളിക്കോണം ഉഴുന്നുവിള വീട്ടില്‍ മണികണ്ഠന്‍ എന്ന യതിരാജ് (65) ആണു പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഉഴുന്നുവിള വീടിന്‍റെ കിണറ്റില്‍ രവിയുടെ മൃതദേഹം കണ്ടെത്തിയത്.
 
വീട്ടുകാരുമായി പിണങ്ങി കഴിയുന്ന രവി വര്‍ഷങ്ങളായി മണികണ്ഠന്‍റെ വീട്ടിലെ ജോലിക്കാരനായിരുന്നു. സംഭവ ദിവസം മണികണ്ഠന്‍റെ മകളുടെ പ്രസവ ശുശ്രൂഷയ്ക്കായി മണികണ്ഠന്‍റെ ഭാര്യ തിരുവനന്തപുരത്തായിരുന്നു. രവിയുടെ തല, ഉടല്‍, കാലുകള്‍ എന്നിവ വേര്‍പെട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
 
രവിയെ വീട്ടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി കിണറ്റില്‍ തള്ളുകയായിരുന്നു. കൊലപാതക കാരണം അറിവായിട്ടില്ല. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക