കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 2 നവം‌ബര്‍ 2023 (16:55 IST)
മലപ്പുറം: കൈക്കൂലി കേസിൽ മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. വഴിക്കട വില്ലേജ് ഓഫീസർ കാളികാവ് സ്വദേശി ഭൂതാംകോട്ടിൽ മുഹമ്മദ് സമീറിനെയാണ് വിജിലൻസ് പിടികൂടിയത്.

കൈവശരേഖയ്ക്ക് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. വഴിക്കടവ് കുന്നുമ്മൽപൊട്ടി എൻ.സി.ബിജു സ്വന്തം ഭൂമിയിൽ നിന്ന് മരം മുറിക്കാൻ വനംവകുപ്പിന് സമർപ്പിക്കാനായി കൈവശ രേഖ വേണമെന്ന് അപേക്ഷിച്ചു. എന്നാൽ വില്ലേജ് ഓഫീസർ ഇത് വച്ചുതാമസിപ്പിക്കുകയും ആയിരം രൂപ കൈക്കൂലി ഗൂഗിൾ പേ വഴി അയക്കണം എന്നും പറഞ്ഞു.

തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതും പിന്നീട് വിജിലൻസ് ഉപദേശപ്രകാരം പണം നേരിട്ട് നൽകാമെന്നും അറിയിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കൈക്കൂലി പണം കൈമാറിയതും വിജിലൻസ് പിടികൂടി.

വില്ലേജ് ഓഫീസറുടെ മുറിയോട് ചേർന്നുള്ള ഫയലുകൾക്കിടയിൽ നിന്നാണ് വിജിലൻസ് ഫിനോഫ്തലീൻ പുരട്ടി നൽകിയ ആയിരം രൂപ പിടിച്ചെടുത്തത്. ഇതിനൊപ്പം തൊട്ടടുത്ത് നിന്ന് കണക്കിൽ പെടാത്ത 1500 രൂപയും കണ്ടെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍