മലബാര്‍ സിമന്റിലെ അഴിമതിയില്‍ എളമരം കരീമിനും പങ്കെന്ന് രഹസ്യമൊഴി

ചൊവ്വ, 19 മെയ് 2015 (08:32 IST)
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍വ്യവസായ മന്ത്രിയുമായ എളമരം കരിമിന് മലബാര്‍ സിമന്‍റ്സിലെ അഴിമതിയിടപാടുകളില്‍ വ്യക്തമായ പങ്കെന്ന് വെളിപ്പെടുത്തല്‍. മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി സുന്ദരമൂര്‍ത്തി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. എറണാകുളം സിജെഎം കോടതിയിലാണ് സുന്ദരമൂര്‍ത്തി വെളിപ്പെടുത്തല്‍ നടത്തിയത്. മലബാര്‍ സിമന്റ്സുമായി ‌ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ പ്രതിയായ വ്യവസായി വിഎം രാധാകൃഷ്ണനില്‍ നിന്ന് എളമരം കരീം പണം കൈപ്പറ്റിയെന്നാണ് സുന്ദരമൂര്‍ത്തി മൊഴിനല്‍കിയിരിക്കുന്നത്.

മലബാര്‍ സിമന്റ്‌സ് സെയില്‍സ്‌ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യുന്നതിന്‌ എത്തിയപ്പോള്‍ എളമരം കരീമിന് പണമടങ്ങിയ കവര്‍ നല്‍കിയെന്നാണ് കോടതിയില്‍ നല്‍കിയ 164 പ്രകാരമുള്ള സ്റ്റേറ്റ്സ്‌മെന്റില്‍ സുന്ദരമൂര്‍ത്തി വ്യക്തമാക്കിയിരിക്കുന്നത്.  വിഎം രാധാകൃഷ്‌ണന്‍ ആനന്ദന്‍ മുഖേന സുന്ദരമൂര്‍ത്തിക്ക്‌ എത്തിച്ച പണം എളമരം കരീമിന്‌ വാളയാര്‍ ഗസ്‌റ്റ് ഹൗസില്‍ വച്ച്‌ കൈമാറി. മന്ത്രി ഈ കവര്‍ അപ്പോള്‍ തന്നെ കൈപ്പറ്റിയതായും മൊഴിയില്‍ പറയുന്നു. 2010 ജൂലൈ 24നാണ്‌ ഗസ്‌റ്റ് ഹൗസില്‍ വച്ച്‌ മന്ത്രിക്ക്‌ പണം കൈമാറിയത്‌. എന്നാല്‍ എത്ര രൂപയാണ്‌ നല്‍കിയതെന്ന്‌ മൊഴിയില്‍ പറയുന്നില്ല.

മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്‍റെയും മക്കളുടെയും ദുരൂഹമരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ടവരാണ് വി. എം. രാധാകൃഷ്ണനും എം. സുന്ദരമൂര്‍ത്തിയും എക്സിക്യൂട്ടിവ് സെക്രട്ടറി പി.സൂര്യനാരായണനും. ഇവരില്‍ സുന്ദരമൂര്‍ത്തി ശശീന്ദ്രന് സ്ഥാപനത്തിലുണ്ടായ തുടരെയുണ്ടായ പീഡനങ്ങള്‍ അക്കമിട്ടു നിരത്തി കോടതിക്ക് നല്‍കിയ രഹസ്യമൊഴിയിലാണ് മലബാര്‍ സിമന്‍റ്സിനെ മുച്ചൂടും മുടിച്ച അഴിമതികള്‍ ഒന്നൊന്നായി വിവരിക്കുന്നത്.

ശശീന്ദ്രന്‍റെ മരണത്തിന് ശേഷം എംഡി കെ. പത്മകുമാറിന് സുന്ദരമൂര്‍ത്തി നല്‍കിയ വിശദീകരണക്കുറിപ്പാണ് രഹസ്യ മൊഴിയിലേക്ക് നയിച്ചത്. തന്‍റെ കാലത്ത് മലബാര്‍ സിമന്‍റ്സില്‍ നടന്ന ക്രമക്കേടുകളും അഴിമതികളും. ഇതിനായി എളമരം കരീമും രാധാകൃഷ്ണനും തനിക്കു മേല്‍ ചെലുത്തിയ സമ്മര്‍ദങ്ങളും വിശദീകരിക്കുന്ന ഈ കുറിപ്പ് സുന്ദരമൂര്‍ത്തിയുടെ കുറ്റസമ്മതം കൂടിയാണ്. മലബാര്‍ സിമന്റ്‌സിലെ നിമയനങ്ങള്‍ നടത്തുന്നതില്‍ രാധാകൃഷ്‌ണന്‌ നിര്‍ണ്ണായക പങ്കുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു.

കോടതിയില്‍ രഹസ്യമൊഴി നല്‍കിയ സുന്ദമൂര്‍ത്തിയെ പോലും നിയമിച്ചത്‌ രാധാകൃഷ്‌ണനാണ്‌. സുന്ദരമൂര്‍ത്തിയുടെ നിയമനം മലബാര്‍ സിമന്റ്‌സില്‍ വിളിച്ചറിയിച്ചത്‌ വി.എം രാധാകൃഷ്‌ണനാണ്‌. വി.എം രാധാകൃഷ്‌ണന്‌ മലബാര്‍ സിമന്റ്‌സില്‍ പിടിമുറുക്കുന്നതിന്‌ ഒത്താശ ചെയ്‌തത്‌ എളമരം കരീമാണെന്നും സുന്ദരമൂര്‍ത്തി ആരോപിക്കുന്നു. സുന്ദരമൂര്‍ത്തിയെ മലബാര്‍ സിമന്റ്‌സില്‍ എം.ഡിയായി നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ നടന്നത്‌ വി.എം രാധാകൃഷ്‌ണന്റെ ഗസ്‌റ്റ് ഹൗസിലാണെന്നും മൊഴിയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക