സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഏപ്രില്‍ 24 വരെ അവസരം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ഏപ്രില്‍ 2023 (15:03 IST)
സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 24 വരെ നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഉള്‍ക്കുറിപ്പുകള്‍ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവില്‍ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക മേയ് 2 ന് പ്രസിദ്ധീകരിക്കും.
 
അംഗങ്ങളുടെ ഒഴിവുള്ള 19 വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. 20 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നത്. ഈ കാലയളവില്‍ നിരവധി പൊതു അവധികള്‍ വന്ന സാഹചര്യത്തിലാണ് തീയതി നീട്ടിയത്.
 
പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.
 
കരട് വോട്ടര്‍പട്ടിക പരിശോധനയ്ക്കായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭിക്കും.
 
തിരുവനന്തപുരം, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലെ ഒരോ വാര്‍ഡിലും ചേര്‍ത്തല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ഓരോ വാര്‍ഡിലും 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍