നിയമസഭ തിങ്കളാഴ്ച ചേരും; പ്രതിപക്ഷം ആക്രമിക്കാന്‍ തയ്യാറെടുത്തു!
ശനി, 7 ജൂണ്‍ 2014 (09:44 IST)
ലോകസഭാ തെരഞ്ഞേടുപ്പിന്റെ അലയൊലികള്‍ അടങ്ങിക്കഴിഞ്ഞതോടെ തിങ്കളാഴ്ച ചേരുന്ന നിയമ സഭ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറയ്ക്കാന്‍ പ്രതിപക്ഷം തുറന്ന പോരിലേക്ക്. കഴിഞ്ഞ സഭാ സമ്മേളനങ്ങളിലെന്നപോലെ ഇത്തവണയും പ്രതിപക്ഷ ആക്രമണത്തിന്റെ കുന്തമുന സോളാര്‍കേസ് തന്നെയായിരിക്കും.
ഇതൊക്കെയാണെങ്കിലും രാഷ്‌ട്രീയമായി വലിയ നേട്ടങ്ങള്‍ കൈവരിച്ച ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. ഇടതുമുന്നണിയില്‍ നിന്ന് ആര്‍എസ്‌പിയെ യുഡിഎഫിലേക്ക് കൊണ്ടുവരാനായത് രാഷ്‌ട്രീയവിജയമായാണ് അവര്‍ കാണുന്നത്. അതോടൊപ്പം സര്‍ക്കാരിന്റെ നില ഭദ്രമാക്കാനും ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞിട്ടുണ്ട്.
ബജറ്റ് സമ്മേളനമായതിനാല്‍ സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതിയും സജീവ ചര്‍ച്ചയ്‌ക്ക് വരും. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം ഇടപാടുകള്‍ക്കുപോലും ഫണ്ടില്ലാതായ അവസ്‌ഥ സഭയില്‍ ഉയരും. മാത്രമല്ല, സാമ്പത്തികവര്‍ഷം തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ ശമ്പളത്തിനും പെന്‍ഷനുമായി മാത്രം 3,200 കോടി രൂപ കടമെടുത്തതും ധനവകുപ്പിന്റെ പിടിപ്പുകേടായി ഭരണപക്ഷം പോലും ഉയര്‍ത്തിക്കാട്ടിയേക്കും.
ജൂലൈ 17 വരെ നീളും. പതിമൂന്നു ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കും ബാക്കിയുള്ള ദിവസങ്ങള്‍ ബില്ലുകള്‍ക്കും മറ്റു സര്‍ക്കാര്‍ കാര്യങ്ങള്‍ക്കുമാണു മാറ്റിവച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടികളെപ്പറ്റി ആദ്യദിനം ചര്‍ച്ചയുണ്ടാകും.
ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്‌ക്കും വോട്ടെടുപ്പിനുമായി 13 ദിവസം. ഏഴു ദിവസം നിയമ നിര്‍മാണത്തിനും അഞ്ചു ദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കും വിനിയോഗിക്കും. 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിച്ചേക്കും.
സഹകരണ നിയമം(ഭേദഗതി), സര്‍വകലാശാല നിയമം(ഭേദഗതി)എന്നിവയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകള്‍, പഞ്ചായത്തീരാജ് ഭേദഗതി, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്‌ളാനിംഗ് , കാര്‍ഷിക സര്‍വകലാശാല(ഭേദഗതി), മല്‍സ്യവിത്ത് ബില്‍, ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡ് ബില്‍, കേരള ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല, സഹകരണ ഭേദഗതി എന്നിവയാണ് ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍.