ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴിടത്ത് നിരോധനാജ്ഞ

ശനി, 13 ഓഗസ്റ്റ് 2016 (09:29 IST)
കോഴിക്കോട് നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസഌമിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, നാദാപുരം മേഖലകളില്‍ ഏഴ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിക്കളിലാണ് നിരോധനാജ്ഞ. 
 
ബൈക്കില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് മുഹമ്മദ് അശ്ലം അക്രമിക്കപ്പെട്ടത്. ഇന്നോവ കാറില്‍ എത്തിയ അക്രമി സംഘം ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം അസ്‌ളമിനെ തിരഞ്ഞു പിടിച്ച് വെട്ടി. മുഖത്തും കയ്യിലും ഗുരുതരമായ വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ഷാഫിക്കും മുഹമ്മദിനും നിസ്സാര പരിക്കേറ്റു. നാട്ടുകാര്‍ ഉടനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബിഎംഎച്ച് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് ആരോപിച്ചു. 
 
തൂണേരി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയായിരുന്ന അസ്ലമിനെ കോടതി വെറുതെ വിട്ടിരുന്നു. മുഖ്യപ്രതികള്‍ക്ക് വധഭീഷണിയുണ്ടെന്ന് പല തവണ ഇന്റലിജന്‍സ് മുന്നറിയിപ്പുകൊടുത്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക