സർക്കാരിന്റെ പ്രതിച്ഛായ്‌ക്കു മങ്ങലേറ്റു; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു - സിപിഐ

ശനി, 23 ജൂലൈ 2016 (18:40 IST)
എംകെ ദാമോദരൻ വിവാദം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിയമോപദേശക സ്‌ഥാനം ഏറ്റെടുക്കാതെ ദാമോദരൻ ഒഴിഞ്ഞുമാറിയത് സ്വാഗതാർഹമാണെങ്കിലും വിഷയം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. സർക്കാരിന്റെ തുടക്കം മികച്ചതായിരുന്നുവെങ്കിലും ആ മികവ് പിന്നീട് തുടരാൻ കഴിഞ്ഞില്ലെന്നും ഇന്ന് ചേർന്ന സംസ്‌ഥാന കൗൺസിൽ യോഗത്തില്‍ അഭിപ്രായമുണ്ടായി.

മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താന്‍ മടിക്കുന്നത് ജനങ്ങള്‍ക്കിടെയില്‍ അവമതിപ്പിനും സംശയത്തിനും കാരണമാകും. ഈ തീരുമാനം മുഖ്യമന്ത്രി ഏകപക്ഷീയമായി എടുത്തതാണ്. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സുതാര്യമല്ലെന്നും കൌണ്‍സിലിനിടെ നടന്ന പൊതു രാഷ്‌ട്രീയ ചര്‍ച്ചയ്‌ക്കിടെ ചില അംഗങ്ങള്‍  വിമര്‍ശനം ഉന്നയിച്ചു.

ഭരണത്തില്‍ സിപിഐക്ക് പങ്കുണ്ടെന്ന് തോന്നിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം നീട്ടിക്കൊണ്ടു പോകുന്നത് ഗുണകരമാവില്ലെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഈ അഭിപ്രായങ്ങളെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രാധാന്യത്തോടെ എടുത്തില്ല. സര്‍ക്കാരിനെതിരെ തുടക്കത്തില്‍ എതിര്‍പ്പുണ്ടാകുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക