ലക്ഷ്‌മി നായര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സര്‍ക്കാരിനോടോ ?

തിങ്കള്‍, 30 ജനുവരി 2017 (19:38 IST)
അടിക്കാന്‍ വടിയില്ലാതിരുന്ന പ്രതിപക്ഷത്തിന്റെ കൈയില്‍ കിട്ടിയ ചൂരലാണ് ലോ അക്കാദമി വിഷയം. പ്രതിപക്ഷം നനഞ്ഞ പടക്കമാണെന്നും പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയ്‌ക്കും കൂട്ടര്‍ക്കും ഒന്ന് അനങ്ങാന്‍ പോകുമാകില്ലെന്ന വിമര്‍ശനവും ശക്തമായ സാഹചര്യത്തില്‍ മാന്ത്രികവടി പോലെ ലക്ഷ്‌മി നായരുടെ ലോ കോളേജ് വിഷയം എതിരാളികള്‍ക്ക് ലഭിച്ചത്.

പ്രി‌ന്‍സിപ്പല്‍ ലക്ഷ്‌മി നായര്‍ക്കെതിരെയാണ് ഇപ്പോള്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം നടത്തുന്നത്. അതേസമയം, വിഷയത്തില്‍ വെട്ടിലായ അവസ്ഥയിലാണ് സര്‍ക്കാര്‍. എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കാളിയാണ്.

ലക്ഷ്‌മി നായർക്ക് കേരള സർവകലാശാല സിൻഡിക്കറ്റ് അഞ്ച് വർഷത്തേക്ക്  വിലക്ക് ഏർപ്പെടുത്തിയെങ്കിലും വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്നോട്ടം പോയില്ല. പ്രി‌ന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ഇവരെ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രിൻസിപ്പലിനെതിരെ കൂടുതൽ നടപടി സർക്കാരിനും മാനേജ്മെന്‍റിനും​ തീരുമാനിക്കാമെന്നിരിക്കെ സര്‍ക്കാര്‍ ഇനി എന്തു നടപടി സ്വീകരിക്കുമെന്നത് ആശങ്കയും അനിശ്ചിതത്ത്വവും തുടരുകയാണ്.

ലക്ഷ്‌മി നായരെ മാറ്റിനിർത്തുന്ന കാര്യം ആലോചനയിലുണ്ടെന്നു പിതാവും അക്കാദമി ഡയറക്ടർ നാരായണൻ നായർ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന് വലിയ ആശ്വസമാണുണ്ടാകുന്നത്. സര്‍ക്കാര്‍ നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും രാജിവെയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു ലക്ഷ്‌മി നായര്‍ ആദ്യം പ്രതികരിച്ചിരുന്നത്. അച്ഛന്‍ പറയാതെ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാരായണൻ നായർ മൌനം ഭേദിച്ചത് സര്‍ക്കാരിനെ ആശ്വസിപ്പിക്കുന്നുണ്ട്.

വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയതാണ് പിണറായി സര്‍ക്കാരിനെ ഉലച്ചത്.  ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കു നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നതും സര്‍ക്കാരിന് ക്ഷീണം ചെയ്യുന്നുണ്ട്.

അതിവേഗം തന്നെ വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്ന ആവശ്യത്തിലാണ് പ്രതിപക്ഷവും സര്‍ക്കാരിലെ ഒരു വിഭാഗവും. അതിനാല്‍ തന്നെ നാരായണൻ നായരുടെ വാക്കുകള്‍ക്ക് അതീവ പ്രാധാന്യമാണുള്ളത്. അതിനിടെ ലക്ഷ്‌മി നായര്‍ വിദ്യാര്‍ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത നടപടി വിഷയത്തിലെ സങ്കീര്‍ണ്ണതയ്‌ക്ക് അയവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍.

വെബ്ദുനിയ വായിക്കുക