കടുകട്ടി സുരക്ഷയില്‍ കുമ്മനം വരുന്നു; ഗവര്‍ണറുടെ ജീവിതം പട്ടാളത്തിന്റെ നടുവില്‍ - സംസ്ഥാനം ഞെട്ടും
ബുധന്‍, 13 ജൂണ്‍ 2018 (19:22 IST)
മിസോറാം ഗവര്‍ണറായ ശേഷമുള്ള ആദ്യ തിരിച്ചുവരവിന്റെ സന്തോഷത്തിലാണ് കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്റെ കുപ്പായമഴിച്ചുവെച്ച് മലയാളക്കര വിട്ട കുമ്മനം ഒരു രാജാവിനെ പോലെയാകും നാളെ കേരളത്തിലെത്തുക.
ആളും ബഹളവുമില്ലാതെ മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ബാഗും തൂക്കി മിസോറാമിലെത്തിയ കുമ്മനം തിരികെ കേരളത്തില്‍ എത്തുമ്പോള്‍ തനിച്ചാകില്ല. നൂറ് കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥരാകും അദ്ദേഹത്തിനു ചുറ്റുമുണ്ടാകുക. കുമ്മനം ലളിത ജീവിതം ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്‌ചയും വേണ്ട എന്നാണ് സുരക്ഷാ സേനയുടെ നിലപാട്.
ബംഗ്ലദേശും മ്യാൻമറും അതിർത്തി പങ്കിടുന്ന മിസോറാമിലെ ഗവര്‍ണറുടെ വസതിയിലെ കുമ്മനത്തിന്റെ ജീവിതം സുരക്ഷയുടെ നടുവിലാണ്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിനുള്ളത്. ഏതു സാഹചര്യം നേരിടാന്‍ തയ്യാറുള്ള ആയുധധാരികളായ നൂറ് സിആർപിഎഫ് ഭടന്മാര്‍ ബംഗ്ലാവിന് ചുറ്റും റോന്ത് ചുറ്റുമ്പോള്‍ പുറത്ത് അസം റൈഫിൾസിന്റെ 50 ഭടന്മാരാണ് വസതിക്ക് കാവാല്‍ നില്‍ക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും മഫ്‌ടിയിലുള്ള ഉദ്യോഗസ്ഥരും വസതിക്ക് പുറത്തും പരിസരത്തുമായുണ്ട്. ഈ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുന്നത് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്. സിആർപിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആയുധധാരികളെ നിയന്ത്രിക്കുന്നത്. കൂടാതെ വസതിയുടെ എല്ലാ വശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി എയർഫോഴ്സിന്റെ ഹെലികോപ്റ്റർ രാജ്ഭവന്റെ അങ്കണത്തിലുണ്ട്.
ഡോക്ടറും ആംബുലൻസും ഉൾപ്പെടെയുള്ള മെഡിക്കല്‍ സംഘം സദാസമയവും ഗര്‍വര്‍ണറുടെ വസതിയിലുണ്ട്. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ രുചിച്ച് പരിശോധിച്ച ആഹാരം മാത്രമാണ് കുമ്മനത്തിന് കഴിക്കാന്‍ സാധിക്കുക.
എല്ലാ ദിവസവും രാവിലെ ഇന്റലിജൻസ് മേധാവി വസതിയിലെത്തി സംസ്ഥാനത്തെ സംഭവവികാസങ്ങൾ അദ്ദേഹത്തെ അറിയിക്കുകയും വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.
നാളെ കേരളത്തില്‍ എത്തുന്ന കുമ്മനം 20വരെ സംസ്ഥാനത്തുണ്ടാകും. ബിജെപിയുടെ വിവിധ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. 15ന് ശബരിമല ദർശനവും നടത്തുന്നുണ്ട്.