അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിച്ചുവിടുന്ന തന്ത്രമാണ് സിപിഎമ്മിനുള്ളത്: കുമ്മനം രാജശേഖരന്‍

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (10:19 IST)
ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ക്ക് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതിന്റെ ഒരു ലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. പിണറായി സര്‍ക്കാറിന്റെ നൂറാം ദിവസമെത്തുമ്പോള്‍ തന്നെയാണ് ഇക്കൊല്ലത്തെ ഓണാഘോഷവും തുടങ്ങുന്നത്. തൊട്ടുതന്നെ ബക്രീദും വരുന്നു. കാണം വിറ്റാലും ഓണമുണ്ണാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കുമ്മനം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കുറ്റപ്പെടുത്തി.
 
കുമ്മനത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറ് ദിനങ്ങള്‍:
ഒന്നും ശരിയാകുന്നില്ല
 
അഞ്ചുവര്‍ഷത്തേക്ക് ജനവിധി തേടി അധികാരമേറ്റ സര്‍ക്കാരിന്റെ നൂറുദിവസം എന്നത് വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ദിശ ബോധ്യമാകാന്‍ ഈ കാലയളവ് ധാരാളമാണ്. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ക്ക് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതിന്റെ ഒരു ലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ല. ആശിച്ചപോലെ മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അനാവശ്യവിവാദങ്ങളുണ്ടാക്കി ജനശ്രദ്ധതിരിച്ചുവിടാനാണ് നോക്കുന്നത്. അതിന്റെ ഉദാഹരണമാണ് ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശിപ്പിക്കണമെന്നും നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്നും ഓണത്തിന് സര്‍ക്കാര്‍ ഓഫീസില്‍ പൂക്കളം പറ്റില്ലെന്നുമുള്ള പ്രസ്താവനകള്‍. അതിനെല്ലാം പുറമെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ നിയമം കയ്യിലെടുത്ത് നടത്തുന്ന അഴിഞ്ഞാട്ടം, ഒട്ടനവധികാര്യങ്ങള്‍ പറയാന്‍ വേറെയും.
 
പിണറായി സര്‍ക്കാറിന്റെ നൂറാം ദിവസമെത്തുമ്പോള്‍ തന്നെയാണ് ഇക്കൊല്ലത്തെ ഓണാഘോഷവും തുടങ്ങുന്നത്. തൊട്ടുതന്നെ ബക്രീദും വരുന്നു. കാണം വിറ്റാലും ഓണമുണ്ണാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നിത്യോപയോഗസാധനങ്ങളുടെ വിലകുറയ്ക്കാന്‍ വിപണിയില്‍ ഇടപെടുമെന്ന് പ്രസ്താവിച്ചു. ഒന്നും സംഭവിച്ചില്ല. ഭക്ഷ്യവകുപ്പ് ഭരിക്കുന്ന സിപിഐയ്‌ക്കെതിരെ രാഷ്ട്രീയ നിലപാടെടുക്കുന്നതുകൊണ്ടാകാം വകുപ്പ് കെട്ടുനാറട്ടെ എന്ന നിലപാടാണ് സിപിഎം മന്ത്രിമാര്‍ക്ക്. യഥാസമയം ധനമന്ത്രി കാശ് നല്‍കുന്നില്ലെന്നതാണ് സിപിഐയിലെ മുറുമുറുപ്പ്. സോദരരാണെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ വാക് പോരില്‍ മുഴുകി കടമ വിസ്മരിച്ചിരിക്കുകയാണ്.
 
ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി ഏതെങ്കിലും സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന് മുന്‍കൈ എടുക്കുന്ന ചരിത്രമുണ്ടോ? എന്നാല്‍ കേരളത്തില്‍ സിപിഎം നൂറു ദിവസത്തിനകം കൊലപാതകങ്ങള്‍ ഉള്‍പ്പെടെ മുന്നൂറ് അക്രമങ്ങളാണ് നടത്തിയിട്ടുള്ളത്. പദവിയിലിരിക്കുന്നവരടക്കം ആയിരത്തോളം സിപിഎം കാര്‍ ഇതില്‍ പ്രതികളായി. ഇതൊന്നും പോലീസിനെ ഉപയോഗിച്ച് പ്രതിയോഗികളുണ്ടാക്കിയ കേസാണെന്ന് പറയാനൊക്കില്ലല്ലോ. സിപിഎമ്മുകാരായ അക്രമികളെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരെ അടിച്ചുവീഴ്ത്തുക, കഴുത്തിന് കുത്തിപ്പിടിക്കുക, കരണത്തടിക്കുക തുടങ്ങിയ കൃത്യങ്ങള്‍ തെരുവില്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ നടപടി അനാവശ്യമായി തരം താഴ്ത്തുകയോ സ്ഥലം മാറ്റുകയോ ചെയ്യുകയാണ്. 
 
പോലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ടായിരുന്നല്ലോ പോലീസ് ഭരണം ആരംഭിച്ചത്. സിപിഎമ്മുകാര്‍ പ്രതികളായ നിരവധി കേസുകളുടെ അന്വേഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മാറ്റിക്കഴിഞ്ഞു. സ്ഥലംമാറ്റം പോലീസില്‍ മാത്രം ഒതുങ്ങുന്നില്ല. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇപ്പോള്‍ ചിന്നി ചിതറിയമട്ടാണ്. പലസ്ഥലങ്ങളിലേക്കും ഇഷ്ടമില്ലാത്ത ജീവനക്കാരെ സര്‍ക്കാര്‍ പറഞ്ഞുവിട്ടു. സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി. രാഷ്ട്രീയമായ കുടിലതാല്പര്യങ്ങളാണ് സ്ഥലമാറ്റത്തിന്റെ മാനദണ്ഡം എന്നതിന്റെ തെളിവാണ് എന്‍ജിഒ സംഘിന്റെ നേതാവായ കണ്ണൂരിലെ പി.പി.സുരേഷ് ബാബുവിനോട് കാണിച്ചത്. നാലുവര്‍ഷമായി വയനാട്ടില്‍ ജോലി ചെയ്യുന്ന സുരേഷ് ബാബുവിനെ കണ്ണൂരിലേക്ക് മാറ്റി 12 മണിക്കൂര്‍ തികയും മുന്‍പ് മുഖ്യമന്ത്രി ഇടപെട്ട് അത് മരവിപ്പിക്കുകയായിരുന്നു. സിപിഐയോട് അനുഭാവമുള്ള ജീവനക്കാര്‍ക്കും സ്ഥലംമാറ്റത്തിന്റെ കയ്പുനീര്‍കുടിക്കേണ്ടിവന്നു. 
 
ആദ്യകമ്മ്യൂണിസ്റ്റ് ഭരണത്തില്‍ തുടങ്ങിയ പകപോക്കല്‍ രാഷ്ട്രീയം ഇപ്പോഴും ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്ന് വ്യക്തം. അന്ന് ജനങ്ങള്‍ക്ക് ഭരണം മടുക്കാന്‍ ഒരുവര്‍ഷം വേണ്ടിവന്നുവെങ്കില്‍ ഇക്കുറി നൂറുദിവസം തന്നെ ധാരാളം എന്നായിരിക്കുകയാണ്. അക്രമരാഷ്ട്രീയം മുഖ്യമന്ത്രിയുടെ ജന്മനാട്ടിലാണ് ആദ്യം തുടങ്ങിയത്. പിണറായി വിജയന്റെ ബന്ധുവീടടക്കം ആക്രമിക്കപ്പെട്ടു. എതിര്‍രാഷ്ട്രീയാഭിപ്രായമുള്ളതുമാത്രമാണ് കാരണം. വീടും വാഹനങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് തലശേരിയില്‍ രണ്ട് ദളിത് സ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. പാര്‍ട്ടി ഓഫീസില്‍ കയറിയതിനാണ് കൈക്കുഞ്ഞിനെയടക്കം ജയിലിലടച്ചത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അധികാരത്തിലെത്തിയിട്ടും സിപിഎം തയ്യാറായില്ല. സംഭവങ്ങളുണ്ടാക്കി പ്രതിയോഗികളെ കള്ളക്കേസുകളില്‍ കുരുക്കുന്നു. കൊലയും പ്രതികാര കൊലയും അരങ്ങേറി. അതിനെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. 
 
കണ്ണൂരില്‍ വികസിച്ച വ്യവസായം ബോംബുനിര്‍മാണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും നിരുപദ്രവകരമായ ഒരു പ്രസ്താവന നടത്തിയതിന് നടന്‍ ശ്രീനിവാസനെ സിപിഎം വേട്ടയാടുകയാണ്. ഇപ്പോള്‍ സംസ്ഥാന വ്യാപകമായി തന്നെ സിപിഎം അക്രമവും പോലീസ് തേര്‍വാഴ്ചയും നടന്നുകൊണ്ടിരിക്കുന്നു. പാര്‍ട്ടിയുടെ ഇംഗിതം അറിഞ്ഞ് പ്രവര്‍ത്തിക്കാത്ത പോലീസുകാരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും പുലഭ്യം പറയുകയും ചെയ്യുന്ന സിപിഎം എംഎല്‍എയുടെ നടപടി പാലക്കാടുജില്ലയിലാണുണ്ടായത്. തിരുവനന്തപുരത്തും മറ്റുപലകേന്ദ്രങ്ങളിലും ഇതേ സംഭവങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്.
 
സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. എന്നാല്‍ അടിയും തിരിച്ചടിയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിക്കുന്നു. 'വരമ്പത്തു കൂലി' പ്രയോഗവും മറ്റും അണികളെ അക്രമോത്സുകരാക്കാനേ ഉപകരിക്കൂ. അതിന്റെ തെളിവാണ് നാദാപുരത്ത് കണ്ടത്. സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ ലീഗുകാരായ പ്രതികളെ വെറുതെവിട്ടത് ഉന്നതലീഗ് -സിപിഎം നേതൃത്വം നടത്തിയ രാഷ്ട്രീയകച്ചവടം കൊണ്ടാണെന്നത് പരസ്യമാണ്. വിട്ടയച്ച പ്രതിയെ വധിച്ച് സിപിഎം വിധി നടപ്പാക്കി. മരിച്ചത് പ്രതിയാണെന്നവാദമാണ് പാര്‍ട്ടി നിരത്തിയത്. കാട്ടുനീതിയാണ് ഭരണകക്ഷിയെ നയിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
 
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളം സാമ്പത്തികമായും വ്യാവസായികമായും പുരോഗമിക്കാനുള്ള ചുവടുവയ്‌പൊന്നും ഇപ്പോഴും കാണാനില്ല. വ്യവസായവല്‍ക്കരണത്തിന് തനിക്കൊരു കാഴ്ചപ്പാടുണ്ടെന്ന് പ്രസ്താവിക്കുന്ന വ്യവസായമന്ത്രി അഴിമതിക്ക് വഴികാണുന്ന നീക്കത്തിലാണ് താല്പര്യം പ്രകടിപ്പിക്കുന്നത്. ചക്കിട്ടപാറ ഖനനത്തിന് അനുമതി നല്‍കന്‍ പോകുന്നത് എന്തിനാണെന്ന ചോദ്യം പരക്കെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.
വനവാസി ഊരുകളില്‍ മിക്കതും ശോചനീയാവസ്ഥയിലാണ്. മാറാവ്യാധികളും വറുതിയുമാണവിടങ്ങളിലെല്ലാം. സോമാലിയയോട് പ്രധാനമന്ത്രി ഈ വിഷയം ഉപമിച്ചപ്പോള്‍ വലിയബഹളം കൂട്ടിയവര്‍ ഇപ്പോള്‍ ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന വിഷയങ്ങള്‍ കാണണം, കേള്‍ക്കണം. ദുരിതക്കയത്തിലുള്ള ഈ വിഭാഗത്തെ കരകയറ്റാന്‍ ഒരനക്കവും നൂറുദിവസത്തിനിടയില്‍ നടത്തിയിട്ടില്ല.
 
ശബരമല ക്ഷേത്രം തീവച്ച് നശിപ്പിച്ചതിനെ കുറിച്ചന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ക്ഷേത്രവിശ്വാസികളെല്ലാം വാഗ്ദാനം വിശ്വസിച്ച് വോട്ടുചെയ്തു. അധികാരത്തിലെത്തിയപ്പോള്‍ വാക്കുമാറി. അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചെങ്കിലും ഉടനത് പിന്‍വലിച്ചു. അന്നത്തെ നിയമസഭാംഗങ്ങള്‍ പോലും ആവശ്യപ്പെട്ടിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് സ്വീകരിച്ചത്. ഇന്നും അന്നത്തെ വാഗ്ദാനംപാലിക്കാതെ ശബരിമലയെ വിവാദമലയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് തൊഴാന്‍ കാശ് ഈടാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം വയ്ക്കുമ്പോള്‍ നിലവിളക്കും വേണ്ട പ്രാര്‍ത്ഥനയും വേണ്ടെന്ന് സഹമന്ത്രി ശഠിക്കുന്നു.
 
ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപുരയാക്കുകയാണെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. എവിടുന്ന് ലഭിച്ചു മന്ത്രിക്ക് ഈ വിവരം? ഒരു ക്ഷേത്രത്തിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അനധികൃതമായി ഒന്നും ചെയ്തില്ല. അങ്ങനെയൊരു പരാതി ഒരു ക്ഷേത്രകമ്മിറ്റിയും ഇതുവരെയും ഉന്നയിച്ചിട്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തനം ക്ഷേത്രത്തില്‍ മാത്രം നടക്കുന്ന ഏര്‍പ്പാടല്ല. ദൈവത്തെപോലെ സകലചരാചരങ്ങളിലും ഇന്ന് ആര്‍എസ്എസിന്റെ സാന്നിധ്യമുണ്ട്. അതിനെ തടയാന്‍ ഒരു സംസ്ഥാനമന്ത്രി വിചാരിച്ചാല്‍ നടക്കുമെന്ന് ചിന്തിച്ചാല്‍ അതില്‍പ്പരം വങ്കത്തം മറ്റൊന്നില്ല. ആര്‍എസ്എസിന്റെ ആയുധം ആശയമാണ്. അത് നിലകൊള്ളുന്നത് പ്രവര്‍ത്തകരുടെ നെഞ്ചിലാണ്. ക്ഷേത്രമതില്‍ കെട്ടുകളിലല്ലെന്ന് മന്ത്രിമനസ്സിലാക്കണം.
 
ഓണപരീക്ഷ അടുത്തിട്ടും പാഠപുസ്തകങ്ങള്‍ മുഴുവന്‍ എത്തിയില്ല. രണ്ടുദിവസം കൊണ്ടെത്തിക്കുമെന്ന് പറഞ്ഞ വകുപ്പുമന്ത്രിക്ക് അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. സാങ്കേതികവിദ്യാഭാസവും വിവാദത്തിലാണ്. ഒന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരിന്റെ അങ്കലാപ്പാണ് വിവാദങ്ങള്‍ക്കെല്ലാം കാരണം. എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ടവര്‍ ശരിയാക്കിയത് വി.എസ്.അച്യുതാനന്ദനെ മാത്രമാണ്. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കെട്ടിച്ചുവിടുന്ന തന്ത്രമാണ് സിപിഎം നടത്തിയിട്ടുള്ളത്. വോട്ടുനേടാന്‍ മുന്നില്‍ നിര്‍ത്തിയത് വി.എസിനെയായിരുന്നു. ഭൂരിപക്ഷം ലഭിച്ചപ്പോള്‍ വി.എസിനെ മൂലക്കിരുത്തി. വി.എസ്. ജയിലിലേക്കയച്ച ആര്‍.ബാലകൃഷ്ണപിള്ളക്ക് നല്ല അംഗീകാരം നല്‍കിയ സിപിഎം അഴിമതിക്കെതിരെ നടത്തുന്ന പ്രസംഗങ്ങള്‍ ജനങ്ങള കബളിപ്പിക്കാനാണ്. നൂറുദിവസം കൊണ്ട് അതു തെളിഞ്ഞു. ഇതിലുംവലിയതെന്തെങ്കിലും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതാണ് അബദ്ധമാവുക. 
 
കേരളം ഇന്ന് മാലിന്യകൂമ്പാരമാണ്. ഒരു ക്വിന്റല്‍ മാലിന്യം പോലും നീക്കാന്‍ കഴിഞ്ഞില്ല. കേന്ദ്രം ഉദാരസമീപനം കേരളത്തോട് കാട്ടുന്നു. അവ യഥാവിധി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധയുമില്ല, ശ്രമവുമില്ല. കേരളത്തിന്റെ സമ്പദ്ഘടന നിലനിര്‍ത്തുന്നത് പ്രവാസികളുടെ പണമാണ്. പ്രവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അലംഭാവം കാണിച്ച സര്‍ക്കാര്‍ നയതന്ത്രവിസ ലഭിച്ചില്ലെന്ന പരാതി ഉന്നയിച്ച് ശ്രദ്ധനേടാനാണ് ശ്രമിച്ചത്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് അര്‍ഹതപ്പെട്ട സഹായവും ആനുകൂല്യങ്ങളും ഒരുക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് ദിശാബോധമില്ലാത്ത ഇടതുസര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് തന്നെയാണ്.

വെബ്ദുനിയ വായിക്കുക