ചരിത്രം തിരുത്തി കെ.എസ്.ആര്‍.ടി.സി; യാത്രയിതര വരുമാനത്തില്‍ അഞ്ച് കോടിയിലേറെ നേട്ടം !

രേണുക വേണു

ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (16:01 IST)
ടിക്കറ്റ് വരുമാനത്തെമാത്രം ആശ്രയിച്ചിരുന്ന കെഎസ്ആര്‍ടിസിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ വന്‍ നേട്ടം. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, പരസ്യവരുമാനം, സിനിമാഷൂട്ടിങ്, ഹില്ലി അക്വ കുടിവെള്ള വില്‍പ്പന തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അഞ്ചുകോടിക്കുമുകളിലാണ് വരുമാനനേട്ടം. 
 
കഴിഞ്ഞവര്‍ഷം ജൂണില്‍ കേവലം 20,000 രൂപയാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസിലൂടെ ലഭിച്ചതെങ്കില്‍ നിലവില്‍ അഞ്ചുകോടിയിലേക്ക് ഉയര്‍ന്നു. 2023 ഓഗസ്റ്റില്‍ മാത്രം 17.97 ലക്ഷമായിരുന്നു വരുമാനം. 2024 ഏപ്രിലില്‍ 43.31 ലക്ഷവും സെപ്റ്റംബറില്‍ 52.39 ലക്ഷവുമായി ഉയര്‍ന്നു. 
 
ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന എറണാകുളം ഡിപ്പോയില്‍ ദിവസം ശരാശരി 35,000 രൂപയുടെ ബിസിനസുണ്ട്. വൈറ്റിലയിലാണ് കൊറിയര്‍ സര്‍വീസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്താകെ 15 മാസംകൊണ്ടാണ് കൊറിയര്‍ സര്‍വീസിലൂടെ അഞ്ചുകോടിക്കുമുകളില്‍ വരുമാനം ലഭിച്ചത്. 
 
കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സ് സര്‍വീസിലൂടെ ചുരുങ്ങിയ ചെലവിലാണ് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഡിപ്പോയില്‍ പാഴ്സല്‍ എത്തിച്ചാല്‍ 16 മണിക്കൂറിനകം അത് ആവശ്യക്കാരുടെ കൈയിലെത്തും. കെഎസ്ആര്‍ടിസി ബസുകളിലും ചരക്കുവാഹനങ്ങളിലുമാണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍