കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു; തലസ്ഥാനത്ത് ചെറിയ തോതില്‍ സംഘര്‍ഷം

ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (07:59 IST)
സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. സിഐടിയുവിന്റെ ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കുന്നത്.

പുതിയ ബസുകള്‍ നിരത്തിലിറക്കുക, ദേശസാത്കൃത റൂട്ടുകളും പെര്‍മിറ്റുകലും സംരക്ഷിക്കുക, എംപാനലുകാരുടെ ദിവസവേതനം 500 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. അതേസമയം, സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ ബസ് തടയാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റ് കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. താത്കാലിക ജീവനക്കാരോട് ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണവും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, ബിജെപി പിന്തുണയുള്ള എംപ്ലോയീസ് സംഘ് തുടങ്ങിയവ സമരത്തില്‍ പങ്കെടുക്കുന്നില്ല.

വെബ്ദുനിയ വായിക്കുക