കൂട്ട പിരിച്ചു വിടലുമായി കെഎസ്ആർടിസി; സർവീസുകള്‍ അവസാനിപ്പിക്കാനും നിര്‍ദേശം

ചൊവ്വ, 29 നവം‌ബര്‍ 2016 (16:50 IST)
നിലനില്‍പ്പിന്റെ ഭാഗമായി കടുത്ത തീരുമാനങ്ങള്‍ സ്വീകരിച്ച് കെഎസ്ആർടിസി. മതിയായ കാരണങ്ങളില്ലാതെ തുടർച്ചയായ 89 ദിവസത്തിലധികം അവധി എടുക്കുന്നവരെ പിരിച്ചുവിടാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഇത്തരത്തില്‍ അവധിയിലുള്ള 1,200 പേർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി. 10,000 രൂപയിൽ താഴെ വരുമാനമുള്ള മുഴുവൻ സർവീസുകളും ജനുവരിയോടെ അവസാനിപ്പിക്കണമെന്നും എംഡി എംജി രാജമാണിക്യം കർശന നിർദേശം നൽകി.

അവധിയിലുള്ളവര്‍ ഡിസംബർ ഒന്നിനു വൈകിട്ട് അഞ്ചിനു മുമ്പു നേരിട്ടു ഹാജരായി മതിയായ കാരണം ബോധിപ്പിക്കാത്തവരെ പിരിച്ചുവിടാനാണു നിർദേശം.

യൂണിറ്റ് ഓഫീസർമാർക്ക് 89 ദിവസം വരെ ജീവനക്കാർ അവധി അനുവദിക്കാം. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ജീവനക്കാർ മറ്റു ജോലികൾ പോയി തുടങ്ങിയെന്നാണ് കണ്ടെത്തൽ. ഇതേത്തുടർന്നു യൂണിറ്റ് ഓഫിസർമാർക്ക് അനുവദിക്കാവുന്ന അവധി 15 ദിവസമായി ചുരുക്കി. കൂടുതൽ അവധി ആവശ്യമുള്ളവർ എംഡിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക അനുമതി വാങ്ങണം.

വെബ്ദുനിയ വായിക്കുക