സംസ്ഥാന കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് കേരളാ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ നീക്കം ശക്തം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സുധീരനെ മാറ്റണമെന്ന ശക്തമായ ആവശ്യം കൂടിക്കാഴ്‌ചയില്‍ ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും സുധീരനെ മാറ്റി രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനെ ആ സ്ഥാനത്തേക്ക് നിയമിക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ എ ഗ്രൂപ്പിന് അവകാശമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഒട്ടും താല്‍പ്പര്യമില്ല. സുധീരനെ പുറത്തു ചാടിക്കാന്‍ നീക്കം നടത്തിയ വ്യക്തി എന്ന പരിവേഷം ലഭിക്കുമെന്ന് സൂചനയുള്ളതിനാലാണ് ഉമ്മന്‍ ചാണ്ടിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കാത്തത്. എന്നാല്‍, കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി ശക്തമായ നിലാപാടുകള്‍ സ്വീകരിക്കുന്ന കേരളാ കോണ്‍ഗ്രസിനെ (എം) തണുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് മാത്രമെ സാധിക്കൂ എന്നാണ് എ ഗ്രൂപ്പ് വാദിക്കുന്നത്. അതേസമയം, പ്രതിപക്ഷ സ്ഥാനം ലഭിച്ചതിനാല്‍ ചെന്നിത്തലയും സംഘവും നിലവില്‍ മയപ്പെട്ടു നില്‍ക്കുകയുമാണ്.
ന്യൂനപക്ഷ സമുദായത്തിൽപ്പട്ടയാൾ കെപിസിസി അധ്യക്ഷ സ്‌ഥാനത്തേയ്ക്ക് വരണമെന്നാണ് എ യുടെ ആവശ്യം. ഉമ്മന്‍ചാണ്ടി അല്ലെങ്കില്‍ പിജെ കുര്യൻ, ബെന്നി ബഹനാൻ, പിടി തോമസ്, എംഎം ഹസൻ എന്നിവരാണ് എയുടെ ലിസ്റ്റിൽ. എൻഎസ്എസ് ഉൾപ്പടെയുളള സാമുദായിക സംഘടകളും ഹൈക്കമാന്‍ഡും പിജെ കുര്യന്റെ പേര് അംഗീകരീക്കന്‍ സാധ്യത കൂടുതലാണ്. കുര്യന്റെ രാജ്യസഭാ എംപിയെന്ന കാലാവധി ഉടൻ അവസാനിക്കും. ഇതുകഴിഞ്ഞാൽ കുര്യൻ കേരളത്തിലേക്ക് പ്രവർത്തന മണ്ഡലം മാറ്റിയേക്കും.
സുധീരന് ആന്റണിയുടേയും രാഹുൽ ഗാന്ധിയുടേയും പിന്തുണ ഇപ്പോഴുമുണ്ട്. അതുകൊണ്ട് സുധീരനെ മാറ്റുക എളുപ്പമല്ലെന്ന് ഇരു ഗ്രൂപ്പുകൾക്കുമറിയാം. ഒത്തൊരുമയോടുള്ള നീക്കമാണ് ഇരു ഗ്രൂപ്പും നടത്താൻ സാധ്യത. ഡൽഹിക്ക് പോകുന്ന ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധീരനെതിരെ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പാണ്.