'മറ്റൊരാളുടെ സഹായമില്ലാതെ അമ്മയ്ക്ക് ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല, അച്ഛൻ റോയിയും അമ്മയും കലഹിച്ചിരുന്നില്ല'; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി ജോളിയുടെ മകൻ

തുമ്പി എബ്രഹാം

ഞായര്‍, 6 ഒക്‌ടോബര്‍ 2019 (15:31 IST)
കുടത്തായി കൊലപാതക പരമ്പരയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളിയുടെ മകൻ റെമോ റോയി. ജോളി ഒറ്റയ്ക്കല്ല, ഈ കൊലപാതകങ്ങള്‍ ചെയ്തതെന്നും മറ്റൊരാളുടെ സഹായമില്ലാതെ അമ്മയ്ക്ക് ഈ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും മകന്‍ റൊമോ പറഞ്ഞു. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്നും അന്വേഷണസംഘവുമായി പൂര്‍ണമായി സഹകരിക്കുമെന്നും റൊമോ പറഞ്ഞു. കേസില്‍ എന്തൊക്കെയോ തെളിയാന്‍ ഉണ്ടെന്നാണ് കരുതുന്നതെന്നും റൊമോ പറഞ്ഞു.
 
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെയും രൂക്ഷ പ്രതികരണമാണ് റൊമോ നടത്തിയത്. കൊലപാതകങ്ങളില്‍ ഷാജുവിന് പങ്കുണ്ടോയെന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ടെന്നും റൊമോ പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റിയതില്‍ സംശയിക്കുന്നുണ്ട്.
 
ഈ ഒരു സാഹചര്യത്തില്‍ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിര്‍ണായക തെളിവുകള്‍ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണെന്നും റൊമോ പറഞ്ഞു. കുഞ്ഞിന്റെ മരണത്തിലും ഷാജു വിഷമിച്ചിരുന്നില്ല. സിലിയുടെ മരണത്തെക്കുറിച്ച് ജോളി പറഞ്ഞപ്പോൾ, സാരമില്ല പോട്ടേ, അല്ലെങ്കിലും അവള്‍ മരിക്കേണ്ടതായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണമെന്നും റൊമോ പറഞ്ഞു.
 
ഷാജു പറയുന്നത് പോലെ, പിതാവ് സ്ഥിരം മദ്യപാനിയല്ലെന്നും ജോളിയും റോയിയും കലഹിച്ചിട്ടില്ലെന്നും റൊമോ പറഞ്ഞു.ജോളിയെ അന്വേഷണസംഘം ചോദ്യം ചെയ്യുമ്പോള്‍ ഷാജു സിനിമ കാണുകയായിരുന്നെന്നും റൊമോ വെളിപ്പെടുത്തി. ജോളി തയ്യാറാക്കിയ ഒസ്യത്തില്‍ സംശയമുണ്ടെന്ന് മരിച്ച ടോം-അന്നമ്മ ദമ്പതികളുടെ മകള്‍ രഞ്ജി തോമസ് പറഞ്ഞു. ഒസ്യത്തില്‍ തീയതിയോ സാക്ഷിയോ ഇല്ലായിരുന്നെന്ന് രഞ്ജി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍