കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് അഭിമാന പോരാട്ടം കാഴ്ച്ചവെക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ചാത്തന്നൂര്‍. സി വി പത്മരാജന്‍, പ്രതാപവര്‍മ തമ്പാന്‍ എന്നീ നേതാക്കള്‍ പ്രതിനിധീകരിച്ച മണ്ഡലം ഏത് വിധേനയും ഇത്തവണ തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു ഡി എഫ്. എന്നാല്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് സി പി ഐ.
തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സി പി ഐയ്ക്കാണ് ചാത്തന്നൂരില്‍ മുന്‍തൂക്കം. പുരുഷ വോട്ടര്‍മാരെക്കാള്‍ പത്തൊന്‍പതിനായിരത്തിലധികം സ്ത്രീ വോട്ടര്‍മാരുണ്ടായിട്ടും കഴിഞ്ഞ തവണ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ പന്ത്രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു എന്നതും ചാത്തന്നൂരില്‍ സി പി ഐയുടെ മുന്‍തൂക്കം വെളിവാക്കുന്നു. എന്നാല്‍ ഈ കണക്കുകളിലൊന്നും ആശങ്കയില്ലാതെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശൂരനാട് രാജശേഖരന്‍ മണ്ഡലത്തില്‍ പ്രാചരണം നടത്തുന്നത്. നിലവിലെ എം എല്‍ എ ജി എസ് ജയലാലിനെ കഴിഞ്ഞ തവണ തുണച്ച സാമുദായിക ഘടകങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കപ്പെടില്ലെന്നാണ് യു ഡി എഫ് കണക്കുകൂട്ടുന്നത്.