കമ്മ്യൂണിസത്തിൽ നിന്ന് സിപിഎം അകലുന്നു: ടിജെ ചന്ദ്രചൂഢൻ

ചൊവ്വ, 10 ജൂണ്‍ 2014 (12:37 IST)
കമ്മ്യൂണിസത്തിൽ നിന്ന് ഇപ്പോഴത്തെ സിപിഎം അകലുകയാണെന്ന് ആർഎസ്പി ദേശീയെ സെക്രട്ടറി ടിജെ ചന്ദ്രചൂഢൻ. സിപിഎമ്മിന് അപചയം സംഭവിച്ചു കൊണ്ടിരിക്കുകയാണ് ഇത് ഇടതുപക്ഷത്തെ ഒന്നാകെ അപകടത്തിലേക്ക് തള്ളി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടക്കുന്ന ആർഎസ്പികളുടെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രചൂഡൻ.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്ന നയമാണ് സിപിഎമ്മിന്റേത്. കല്ലെറിഞ്ഞതിനു ശേഷമുള്ള പ്രതികരണമാണ് വിശേഷമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. പ്രതികരണം നടത്തുന്ന ആളെ കണ്ടാല്‍ പേടി തോന്നുമെന്നും അപ്പോള്‍ ഓര്‍മവരിക 51 വെട്ടേറ്റ ടിപി ചന്ദ്രശേഖരന്റെ മുഖമാണെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

മഹത്തായ പാര്‍ട്ടി ആണും പെണ്ണും കെട്ടവന്റെ കൈയ്യിലാണെന്നായിരുന്നു സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരേയുള്ള പരിഹാസം. പിന്നില്‍നിന്നും നോക്കിയാല്‍ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയില്ലെന്ന് പറഞ്ഞാണ് ചന്ദ്രചൂഢന്‍ പന്ന്യന്‍ രവീന്ദ്രന്  മറുപടി നല്‍കിയത്.

ഇഎംഎസും എകെജിയുമൊക്കെ തൊഴിലാളി വർഗത്തിന് വേണ്ടി നില കൊണ്ടപ്പോൾ ഇന്ന് സിപിഎം കുത്തക മുതലാളിമാർക്ക് വേണ്ടി സമരങ്ങളും ജാഥകളും നടത്തുകയാണ്. ചവറയിലെ കെഎംഎംഎല്ലിനെ തകർക്കാൻ ജാഥ നയിച്ചത് മുൻ വ്യവസായ മന്ത്രി കൂടിയായ എളമരം കരീമാണ്.

സിപിഎമ്മിലെ മൂന്ന് ജയരാജന്മാരിൽ ഒരാൾ അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കണമെന്ന് പറഞ്ഞ് സമരം നടത്തുകയാണ്. ഇതെല്ലാം കാണുന്ന ജനം അന്ധാളിച്ചു നിൽക്കുകയാണെന്നും ചന്ദ്രചൂഡൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക