മകൻ ഉൾപ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കും; കേന്ദ്ര നേതൃത്വത്തോടു കോടിയേരി

വ്യാഴം, 25 ജനുവരി 2018 (07:18 IST)
മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാട് വിഷയം ഉടന്‍ തന്നെ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കോടിയേരിയുടെ മകന്‍ നടത്തിവന്ന സാമ്പത്തിക ഇടപാടിനെക്കുറിച്ച് നേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് വിഷയം കോടിയേരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
 
അതേസമയം, ബിനോയ് കോടിയേരിക്കെതിരെ ജാസ് ടൂറിസം മാനേജിങ് ഡയറക്ടറായ ഹസന്‍ ഇസ്മഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണു കമ്പനി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.
 
മകനുള്‍പ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്‌നപരിഹാരത്തിനു കോടിയേരി തയ്യാറായില്ലെന്ന് നേതൃത്വത്തിനു വിലയിരുത്തലുണ്ടെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയം പാര്‍ട്ടിയുടെ അവെയ്‌ലബ്ള്‍ പൊളിറ്റ് ബ്യൂറോ ഇന്നലെ ചര്‍ച്ച ചെയ്‌തെന്നാണു സൂചന.
 
ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ വ്യവസായ ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) ബിനോയ്ക്ക് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ വിശദീകരണം.
 
വ്യവസായ ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുമ്പ് തിരിച്ചുനൽ‍കുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍