കറുകുറ്റിൽ ഉണ്ടായ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ് റെയിൽവെയുടെ ഈ നിയന്ത്രണം. റെയിൽവേ എൻജിനീയർമാരാണ് അപകട സാധ്യതയുള്ള വിള്ളലുകളുള്ള സ്ഥലങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വൈകിയോടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്കു വേഗ നിയന്ത്രണം ഇരുട്ടടിയായി. 202 സ്ഥലങ്ങളിൽ വേഗനിയന്ത്രണം ഏർപ്പെടുത്തണമെന്നും അവിടെ പാളങ്ങൾ മാറ്റി സ്ഥാപിക്കണമെന്നുമുള്ള നിലപാടിൽ എൻജിനീയർമാർ ഉറച്ചു നിൽക്കുകയാണ്. ഇനി പാളം മാറ്റാതെ നിയന്ത്രണം പിൻവലിക്കാൻ കഴിയില്ല.
കറുകുറ്റിയിൽ തിരുവനന്തപുരം - മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 60 ഇടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ മെമോ നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ട്രെയിനുകളുടെ വേഗം കുറച്ചു. എറണാകുളം - ഷൊർണൂർ പാതയിൽ 17 സ്ഥലങ്ങളിലാണു വേഗനിയന്ത്രണം. അരമണിക്കൂർ വൈകുമെന്നാണു റെയിൽവേയുടെ വിശദീകരണമെങ്കിലും പ്രധാന ട്രെയിനുകളെല്ലാം ശരാശരി ഒരു മണിക്കൂറിലധികം വൈകിയോടുകയാണ്.