ഖജാനാവിന് 150 കോടി നഷ്‌ടം വരുത്തി; കെഎം മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന
വെള്ളി, 29 ജൂലൈ 2016 (17:09 IST)
ആയൂർവേദ മരുന്ന് കമ്പനിക്ക് വഴിവിട്ട് ഇളവ് നൽകിയെന്ന പരാതിയില്‍ മുൻ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെഎം മാണിക്കെതിരേ വിജിലൻസിന്റെ ത്വരിതപരിശോധന. തൃശൂരിലെ വന്‍കിട ബിസിനസ് ഗ്രൂപ്പ് അടയ്ക്കേണ്ട 64 കോടി രൂപ പിഴ ഒഴിവാക്കി നല്‍കിയത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാണിക്ക് പങ്കുണ്ടെന്നാണ് ആരോപണം.
മുന്‍ കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.നോബിള്‍ മാത്യുവിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ഈ മാസം ഏഴിന് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീക്ക് അഡ്വ നോബിള്‍ മാത്യുവിന്‍റെ മൊഴിയെടുത്തു. പരാതിക്കാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കേസിൽ എറണാകുളം വിജിലൻസ് അന്വേഷണം തുടങ്ങി. മാണി ഉൾപ്പടെ 11 പേരെ എതിർകക്ഷിയാക്കിയാണ് പരാതി.
തോംസൺ കമ്പനിയ്‌ക്ക് അനധികൃതമായി ഇളവ് നൽകിയെന്ന് പരാതിക്കാർ ആരോപിക്കുന്നു. മാത്രവുമല്ല ചില ആയുർവേദ കമ്പനികൾക്കും അനധികൃതമായി നികുതിയിളവ് നൽകി. സംസ്ഥാന ഖജാനാവിന് 150 കോടി നഷ്‌ടം വരുത്തിയതായി പരാതിക്കാർ പറയുന്നു.