ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ ജൂണ്‍ ഒന്‍പതിന് ശേഷം ലോക്ക്ഡൗണ്‍ പിന്‍വലിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ അത്ര ശുഭസൂചനയല്ല നല്‍കുന്നത്.
രോഗ നിയന്ത്രണത്തിനു കടുത്ത നിയന്ത്രണങ്ങള്‍ തന്നെ തുടരേണ്ട സാഹചര്യമുണ്ട്. അതുകൊണ്ട് ജൂണ്‍ ഒന്‍പതിന് ശേഷം എങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് സര്‍ക്കാര്‍ ആലോചിക്കും. ഞായറാഴ്ച സമ്പൂര്‍ണ നിയന്ത്രണം തുടരുക. ആഴ്ചയില്‍ മൂന്ന് ദിവസം വിവിധ വിഭാഗങ്ങള്‍ക്ക് തരംതിരിച്ച് പ്രവര്‍ത്തനാനുമതിയും ജോലിക്ക് പോകാനുള്ള അനുമതിയും നല്‍കുക എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ജൂണ്‍ ഒന്‍പതിന് ശേഷം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരേണ്ട എന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ഇത്തരത്തിലുള്ള നിയന്ത്രണം നടപ്പിലാക്കാനാണ് സാധ്യത. ഉദാഹരണത്തിന് ബാങ്ക് ആഴ്ചയില്‍ മൂന്ന് ദിവസം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും മറ്റ് മൂന്ന് ദിവസം അടഞ്ഞുകിടക്കുകയും ചെയ്യും.
ഘട്ടംഘട്ടമായി മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാനാണ് സാധ്യത. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണങ്ങള്‍ തുടരും.