പുതുവര്‍ഷത്തില്‍ പുതിയ പരീക്ഷാ സംവിധാനവുമായി കേരള പിഎസ്‌സി. ഇതോടെ സര്‍ക്കാര്‍ ജോലി നേടുന്നതിനായി ഒറ്റപരീക്ഷയും ഒറ്റവാക്കിലുത്തരവും എന്ന രീതിയാണ് പുതിയ നിയമത്തോടെ പഴങ്കഥയാകുന്നത്. തത്വത്തില്‍ അംഗീകരിച്ച പരിക്ഷ്‌കാര നിര്‍ദ്ദേശങ്ങള്‍ 2018 മാര്‍ച്ചോടെ പ്രാബല്യത്തില്‍കൊണ്ടുവരാനാണ് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ തീരുമാനം.
സര്‍ക്കാര്‍ ജോലി നേടുന്നതിനു വേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ കാണാപാഠം പഠിച്ചെഴുതുന്ന നിലവിലെ രീതി അത്ര നല്ലതല്ലെന്നാണ് പി എസ് സി പറയുന്നത്. അതുകൊണ്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കിയതെന്നും പി എസ് സി അറിയിച്ചു. മാത്രമല്ല വിവരാണാത്മക ഉത്തരങ്ങള്‍ എഴുതേണ്ട തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഇനി പി എസ് സി പരീക്ഷകള്‍ക്കുണ്ടാവുകയെന്നും തസ്തികകള്‍ക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ എഴുതേണ്ടതെന്നും പുതിയ നിയമത്തില്‍ പറയുന്നു.
വിവരാണാത്മക പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള സോഫ്റ്റ് വെയര്‍ രൂപികരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ പി എസ് സി. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരം ഉറപ്പുവരുത്തുന്നതിനും പുതിയ പരീക്ഷ സമ്പ്രദായത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് പി എസ് സിക്കുള്ളത്. 2018 മുതല്‍ എസ് എസ് എല്‍ സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുള്ള തസ്തികകളില്‍ ഇനി ഒന്നിച്ചായിരിക്കും പരീക്ഷ നടത്തുക.