മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (17:46 IST)
സംസ്ഥാനത്ത് ഇക്കൊല്ലം ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു.  സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍, കോളേജ്അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തണം. 
 
കുറ്റവാളികളെ  അമര്‍ച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയില്‍ നടപ്പാക്കിയ മാപ്പിംഗ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പാക്കും. രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സോണ്‍ ഐ ജിമാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തും.
 
ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. ചാര്‍ജ് ഷീറ്റ് നല്‍കാന്‍ വൈകുന്ന പോക്‌സോ കേസുകള്‍ റേഞ്ച് ഡിഐജി മാര്‍ വിലയിരുത്തി നടപടി സ്വീകരിക്കും. മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടല്‍ നടത്താനും ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. 
 
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്‌മെന്റ് സംബന്ധിച്ച് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബോധവല്‍ക്കരണം നടത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍