കേരളത്തിലെ ഇന്റർനെറ്റ് ശൃംഖലയുടെ ശേഷി രാജ്യാന്തര നിലവാരത്തിലേക്ക്

ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (10:16 IST)
കേരളത്തിലെ ഇന്റർനെറ്റ് ശൃംഖലയുടെ ശേഷി കൂട്ടി രാജ്യാന്തര നിലവാരത്തിലെത്തിക്കാൻ നടപടികൾ തുടങ്ങി. ഡിജിറ്റൽ കേരള പദ്ധതിയുടെ ഭാഗമായി പുതിയ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടുമെന്നതു കൂടി കണക്കിലെടുത്താണു തീരുമാനം. ഇതിനായി നിലവിലുള്ള ഇന്റെര്‍നെറ്റ് പ്രോട്ടോക്കോള്‍ കേരളത്തില്‍ മാറ്റും. നിലവില്‍ കേരളത്തില്‍ ഐപിവേര്‍ഷന്‍ 4 ആണ് ഉള്ളത്(ഐപിവി‌4). ഇത് ആറാക്കി ഉയര്‍ത്തും.

ലക്ഷം കോടി ഐപി അഡ്രസുകൾ നൽകാൻ ശേഷിയുള്ള നെറ്റ്‌വർക്കിങ് സാങ്കേതികതയാണ് ഐപി വെർഷൻ 6. തുടക്കത്തിൽ സർക്കാർ ഡേറ്റാ സെന്ററും സർക്കാർ വകുപ്പുകളുമാണ് പുതിയ വെർഷനു കീഴിൽ കൊണ്ടുവരിക. രണ്ടാംഘട്ടത്തിൽ പഞ്ചായത്ത് തലം വരെയുള്ള ഇന്റർനെറ്റ് കണക്‌ഷനുകൾ പുതിയ വെർഷനു കീഴിൽ കൊണ്ടുവരും. ഇതിനായി ഐടി മിഷൻ ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു.

ഐപിവി 6 നിലവിൽ വരുന്നതോടെ ഇന്റർനെറ്റ് വേഗം രാജ്യാന്തര നിലവാരത്തിലെത്തും. മറ്റു ഡേറ്റാ സെന്ററുകളുമായുള്ള വിവര കൈമാറ്റ വേഗവും കൂടുമെന്നുമാത്രമല്ല സൈബര്‍ സുരക്ഷയും കൂടും. ഇതിനുള്ള സംവിധാനങ്ങള്‍ അടങ്ങിയതാണ് ഐപിവി 6. വിദേശരാജ്യങ്ങള്‍ മൂന്ന് വര്‍ഷം മുമ്പ് തന്നെ ഇതിലേക്ക് മാറാന്‍ ആരംഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക