ദുരിത ബാധിതര്‍ക്കുള്ള അടിവസ്‌ത്രങ്ങളും നൈറ്റികളും മോഷ്‌ടിച്ച് പൊലീസുകാരി; സാധനങ്ങള്‍ കടത്തിയത് കാറുകളില്‍ - ദൃശ്യങ്ങള്‍ സിസിടിവിയില്‍

ചൊവ്വ, 28 ഓഗസ്റ്റ് 2018 (14:10 IST)
ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യാന്‍ എത്തിച്ച അടിവസ്‌ത്രങ്ങളും നൈറ്റികളും പൊലീസ് ഉദ്യോഗസ്ഥ കടത്തിക്കൊണ്ടു പോയി. കൊച്ചിയിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാന്‍ എത്തിച്ച നാപ്കിൻ, പുതിയ അടിവസ്‌ത്രങ്ങള്‍, നൈറ്റികള്‍ എന്നിവ തരം തിരിച്ച് പായ്‌ക്ക് ചെയ്യാന്‍ സീനിയർ വനിതാ പൊലീസ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇവരെ സഹായിക്കാന്‍ ഏഴ് പൊലീസുകാരെയും നിയോഗിച്ചു.

സംഭവദിവസം രാത്രി സാധനങ്ങള്‍ പായ്‌ക്ക് ചെയ്യുന്നതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചു വരുത്തി ആറ്  കാറുകളിലായി സാധനങ്ങൾ കടത്തുകയായിരുന്നു. എല്ലാ സാധനങ്ങളും എണ്ണിത്തിട്ടപ്പെടുത്തിയാണ് ഇവര്‍ മോഷണം നടത്തിയത്.

34 നൈറ്റികളും പുതിയ അടിവസ്‌ത്രങ്ങളും പൊലീസുകാരി തിരഞ്ഞെടുക്കുന്നതും തുടര്‍ന്ന് കാറുകളില്‍ എടുത്തുവയ്‌ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍