കാസർകോട് 16 കാരിയുടെ കൊലപാതകം: ഐസ്‌ക്രീമിൽ വിഷം കലർത്തിയത് സഹോദരൻ, അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ

വ്യാഴം, 13 ഓഗസ്റ്റ് 2020 (18:08 IST)
കാസർകോട് ബളാലിൽ മരിച്ച പതിനാറുകാരി ബെന്നിയുടേത് കൊലപാതകമെന്ന് പോലീസ്. ഐ‌സ്ക്രീമിൽ വിഷം കലർത്തി സഹോദരൻ ആൽബിനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഐസ്ക്രീമിൽ വിഷം കലർത്തിയതെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. പിതാവ് ബെന്നി, മാതാവ് ബെസി എന്നിവർ ആശുപത്രിയിലാണ്. ഇതിൽ ബെന്നിയുടെ നില ഗുരുതരമാണ്.
 
ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ആറോടെയാണ് ബളാൽ അരീങ്കലിലെ ബെന്നിയുടെ മകൾ ആൻമേരി ചെറുപുഴയിലെ ആശുപത്രിയിൽ മരിച്ചത്. പിന്നാലെ ഓഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെട്ടു. തുടർന്ന് മൂവരും കഴിച്ച ഐസ്‌ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്‌ടർമാർ കണ്ടെത്തി. സഹോദരൻ ആൽബിനും പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞെങ്കിലും ഇയാൾക്ക് പ്രശ്‌നങ്ങളില്ലെന്ന് ഡോക്‌ടർമാർ കണ്ടെത്തി. ഇതാണ് കേസിൽ നിർണായകമായത്.
 
പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തുടർന്ന് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുട്ടിയെ ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത് ഇങ്ങനെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍