മന്ത്രിയുടെ പരിപാടിക്കും അനുമതിയില്ല; കണ്ണൂരിലെ പൊലീസിനെതിരെ വീണ്ടും സിപിഎം രംഗത്ത്

ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (10:19 IST)
കണ്ണൂരില്‍ പൊലീസിനെതിരെ പ്രതിഷേധമുയര്‍ത്തി വീണ്ടും സിപിഎം രംഗത്ത്. മന്ത്രി കെ.കെ.ശൈലജ പങ്കെടുക്കുന്ന ഓണാഘോഷ പരിപാടിക്കു മൈക്ക് ഉപയോഗിക്കാൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്. ഇരിട്ടി മുഴക്കുന്ന് പഞ്ചായത്ത് 14നു നടത്താനിരുന്ന ഓണാഘോഷ സമാപനസമ്മേളനത്തിനാണ് മൈക്ക് ഉപയോഗിക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചത്. 
 
പൊലീസ് നടപടി സംഘപരിവാർ സംഘടനകളുടെ പ്രചാരവേലകളെ സഹായിക്കാനാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ ആരോപിച്ചു. പല വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് പൊലീസ്  എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പ്രദേശത്തെ സംഘർഷസാധ്യത കണക്കിലെടുത്തു മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിലെ എല്ലാ ഓണാഘോഷ പരിപാടികൾക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക