കണ്ണൂരില്‍ സമാധാനയോഗം അവസാനിച്ചു; കാപ്പ ചുമത്താന്‍ ധാരണയായി

ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (19:19 IST)
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കണ്ണൂരിലും സമീപപ്രദേശങ്ങളിലും ബി ജെ പി -  സി പി എം സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കളക്‌ടര്‍ സമാധാനയോഗം വിളിച്ചു. അഞ്ചിലധികം കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്തുവാന്‍ യോഗത്തില്‍ ധാരണയായി.
 
ഇതിനിടെ, അഴീക്കോട് വീട് തകര്‍ത്ത കേസില്‍ ആറ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ബിജോയ്, ബിജു, ബിനേഷ്, ശെല്‍വരാജ്, സുമിത്, ധനേഷ് എന്നിവരാണ് അറസ്റ്റിലായത്.
 
അക്രമം നടത്തുന്നവര്‍ക്കെതിരെ ഗുണ്ട ആക്‌ട്‌ പ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്യുവാനും യോഗത്തില്‍ തീരുമാനമായി. വീടുകള്‍ ആക്രമിക്കുന്ന രീതിയെ യോഗം അപലപിച്ചു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ അക്രമത്തിന് ഇരയായവര്‍ക്കു നഷ്‌ടപരിഹാരം നല്‍കുന്നതിനു സര്‍ക്കാരിനോട്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 
 
ശ്രീകൃഷ്‌ണ ജയന്തി ആഘോഷം നനടത്തുന്നതിനു മുന്നോടിയായി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. ഇരുപാര്‍ട്ടികളും ഒരേ പോലെ ആഘോഷങ്ങള്‍ നടത്തുന്ന സ്ഥലങ്ങളില്‍ രണ്‌ടു പാര്‍ട്ടികള്‍ക്കുമായി പ്രത്യേക റൂട്ട്‌ തിരിച്ചു നല്‍കും. 

വെബ്ദുനിയ വായിക്കുക