കെ റെയില്‍ വരും കേട്ടോ..! കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്

രേണുക വേണു

വെള്ളി, 19 ജൂലൈ 2024 (08:24 IST)
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന് ഐഎസ്ഒ 9001-2015 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിരവധി പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കി വരുന്ന തങ്ങള്‍ക്ക് ഇത് പുതിയ പൊന്‍തൂവലായെന്ന് കെ റെയില്‍ അറിയിച്ചു. 
 
സംസ്ഥാന സര്‍ക്കാരിന്റെയും  ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന്റെയും സംയുക്ത സംരഭമാണ് കെ-റെിയില്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍ സൗകര്യ വികസനം പുനര്‍വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട്, വിശദമായ രൂപരേഖ തയാറാക്കല്‍,  പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി, എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി എന്നിവയാണ് കെ-റെയിലിന്റെ പ്രധാന സേവന മേഖലകള്‍. 
 
അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍, വര്‍ക്കല-ശിവഗിരി റെയില്‍വേ സ്റ്റേഷനന്‍ എന്നിവയുടെ നവീകരണ പദ്ധതികള്‍, എറണാകുളം സൗത്ത് - വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള 102.74 കിലോമീറ്റര്‍ റെയില്‍ പാതയില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കല്‍ എന്നിവയുടെ നിര്‍മാണ കരാര്‍ ലഭിച്ചത് കെ റെയില്‍ - ആര്‍.വി.എന്‍.എല്‍ സഖ്യത്തിനാണ്. 
 
കേരളത്തില്‍ വിവിധയിടങ്ങളിലായി ലെവല്‍ ക്രോസുകളില്‍ 27 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണചുമതലയും കെ റെയിലിനാണ്. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം - കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍