ബാബുവിന്റെ ഇളയ മകളുടെ ലോക്കറിൽ നിന്ന് നൂറു പവനോളം കണ്ടെടുത്തു

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (14:20 IST)
മുന്‍ എക്‍സൈസ് മന്ത്രി കെബാബുവിനെതിരായ വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഇളയമകൾ ഐശ്വര്യയുടെ ബാങ്ക് ലോക്കറിൽ നിന്ന് നൂറു പവനോളം സ്വർണം കണ്ടെടുത്തു. എറണാകുളം തമ്മനത്തെ പൊന്നുരുന്നിയിലെ യൂണിയൻ ബാഹ്ക് ശാഖയിലെ ബാങ്ക് ലോക്കറിൽ നടത്തിയ പരിശോധനയിൽ നിന്നാണ് വിജിലൻസ് സംഘം സ്വര്‍ണം കണ്ടെത്തിയത്.

ബാബുവിന്റെ മരുമകന്‍ വിപിനാണ് വിജിലൻസ് ഇത്രയും സ്വർണം കണ്ടെടുത്ത കാര്യം അറിയിച്ചത്. ബാങ്കിലുണ്ടായിരുന്ന സ്വർണം കുടുംബസ്വത്തിന്റെ ഭാഗമാണെന്ന്  വിപിൻ പ്രതികരിച്ചു. പ്രാഥമിക പരിശോധനകളില്ലാതെയാണ് വിജിലൻസ് നടപടികളെന്നും വിപിൻ ആരോപിച്ചു. അതേസമയം, ഔദ്യോഗികമായി വിജിലൻസ് ഇതിൽ പ്രതികരണം നടത്തിയിട്ടില്ല.

തിങ്കളാഴ്ച തമ്മനത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ ഐശ്വര്യയുടെ ലോക്കറിൽ നിന്ന് 117 പവൻ കണ്ടെത്തിയിരുന്നു. മൂത്ത മകൾ ആതിരയുടേതായി തൊടുപുഴ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിലെ ലോക്കറിൽ 39 പവനും വിജിലൻസ് കണ്ടെടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക