ജിഷ്ണു കേസ്: ഒളിവില്‍ കഴിയുന്ന പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ലെന്നും കോടതി

തിങ്കള്‍, 10 ഏപ്രില്‍ 2017 (11:17 IST)
ജിഷ്ണു പ്രണോയ് കേസില്‍ ഒളിവില്‍ കഴിയുന്ന നാലാംപ്രതിയായ പ്രവീണ്‍, അഞ്ചാംപ്രതി ദിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന്റെ കാര്യം പരിഗണിക്കാന്‍ പാടുള്ളൂവെന്നും എന്നും കോടതി വ്യക്തമാക്കി. നിലവില്‍ ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. 
 
കേസിലെ മൂന്നാംപ്രതി ശക്തിവേലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. അതേസമയം, ശക്തിവേലിന്റെ അറസ്റ്റില്‍ അന്വേഷണ സംഘത്തിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. 
 
കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ അറസ്റ്റ് നടന്നതെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് ശക്തിവേലിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ശക്തിവേല്‍, പ്രവീണ്‍, ദിപിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്നുച്ചയ്ക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 
 
നാലും അഞ്ചും പ്രതികള്‍ കസ്റ്റഡിയിലില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.  നേരത്തെ കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിനെയും രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇരുവരെയും വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയും അറിയിച്ചിരുന്നു.  

വെബ്ദുനിയ വായിക്കുക