ജിഷ്ണുവിന്റെ മരണം: ആരോപണ വിധേയരെ പുറത്താക്കി, നെഹ്‌റു കോളേജിലെ സമരം പിന്‍വലിച്ചു

ബുധന്‍, 1 മാര്‍ച്ച് 2017 (18:08 IST)
നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു. എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിൽ ആരോപണ വിധേയരായ വൈസ് പ്രിൻസിപ്പൽ അടക്കം അഞ്ചു പേരെ കോളജിൽനിന്നു പുറത്താക്കുന്നതുള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുമെന്ന് മുദ്രപത്രത്തിലെഴുതി ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചത്.
 
മുമ്പ് വിദ്യാര്‍ത്ഥികളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുമെന്നും മാനേജ്മെന്‍റ് സമരം ചെയ്ത വിദ്യാർഥികൾക്ക് ഉറപ്പുനൽകി. ഇതോടെയാണ് പാമ്പാടി നെഹ്റു കോളജിൽ വിദ്യാർഥികൾ നടത്തിയ സമരം ഒത്തുതീർപ്പിലെത്തിയത്. നേരത്തെ, ജിഷ്ണുവിന്‍റെ മരണത്തിൽ ആരോപണ വിധേയരായ എല്ലാ ഉദ്യോഗസ്ഥരെയും പുറത്താക്കുമെന്ന് മാനേജ്മെന്‍റ് ഉറപ്പുനൽകിയിരുന്നു. 
 
എന്നാൽ ഈ ഉറപ്പ് പാലിക്കാൻ മാനേജ്മെന്‍റ് തയാറാകുന്നില്ലെന്ന ആരോപണമുന്നയിച്ചാണ് വിദ്യാർഥികൾ വീണ്ടും സമരം തുടങ്ങിയത്. ജിഷ്ണുവിനെ കോപ്പിയടിക്കേസിൽ കരുതിക്കൂട്ടി കുടുക്കിയതാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. മാനേജ്മെന്‍റിനെ വിമർശിച്ചതിന്‍റെ പേരിലായിരുന്നു പ്രതികാരനടപടിയെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക