റയില്‍വേയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പച്ചാളം പുതാത്തു വീട്ടില്‍ ബിജു രവീന്ദ്രന്‍ (40), കാഞ്ഞങ്ങാടി അലോമി പള്ളി സ്വദേശി മഹേഷ് ഉമേഷ് ഹെഗ്ഡേ (36) എന്നിവരാണു ക്രൈംബ്രാഞ്ചിന്‍റെ കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായത്.
കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലായി ഇരുപതിലേറെ പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ട പയ്യന്നൂര്‍ സ്വദേശികളായ ഷാജി, കുഞ്ഞിരാമന്‍, അനീഷ് കുമാര്‍ എന്നിവര്‍ നേരത്തേ പയ്യന്നൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷിച്ചതിനെ തുടര്‍ന്നാണു പ്രതികള്‍ വലയിലായത്.
വ്യാജ കോള്‍ലെറ്ററുകള്‍ അയച്ച് പരീക്ഷ നടത്തിയും നിയമന ഉത്തരവുകള്‍ നല്‍കിയും വിശ്വാസ്യത സൃഷ്ടിച്ചായിരുന്നു ഇവര്‍ തറ്റിപ്പു നടത്തിയിരുന്നത്. കൂട്ടത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് റയില്‍വേയുടെ സൌജന്യ യാത്രാ പാസും ഇവര്‍ ഇത്തരത്തില്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഈ പാസുകള്‍ ഉപയോഗിച്ച് യാത്ര ചെയ്തത് റയില്‍വേ അധികൃതര്‍ കണ്ടുപിടിച്ചതുമില്ല എന്നതാണു ഏറ്റവും രസകരം.