ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനമൊഴിയുന്നു; സർക്കാരിന് കത്തുനൽകി - അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (20:12 IST)
വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്കു കത്തുനൽകി. വ്യക്തിപരമായ കാരണങ്ങളാൽ തന്നെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്‌ക്ക് കത്ത് നൽകിയിരിക്കുന്നത്.
ഇന്ന് ഉച്ചയോടെ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്ത് ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാണ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയുന്നതിനു ജേക്കബ് തോമസ് കത്തു നൽകിയത്. മറ്റൊന്നുംതന്നെ കത്തിൽ വിശദീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
തനിക്കെതിരെ പുറത്ത് വരുന്നത് തെറ്റായ വാർത്തകളാണെന്നും ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. ഇത്തരത്തിൽ ഒരു കത്ത് കൈമാറിയ കാര്യം ജേക്കബ് തോമസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജേക്കബ് തോമസ് 2009–13 കാലയളവിൽ തുറമുഖ ഡയറക്ടർ ആയിരിക്കെ സർക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.