നടപടി വൈകരുത്, പരാതികളിൽ എന്ത് അന്വേഷണം വേണമെന്ന് എസ്‌പിമാര്‍ക്ക് തീരുമാനിക്കാം - നിലപാട് കടുപ്പിച്ച് വിജിലൻസ് ഡയറക്ടർ

ചൊവ്വ, 3 ജനുവരി 2017 (18:25 IST)
വിജിലന്‍സ് ആസ്ഥാനത്തെത്തുന്ന പരാതികളില്‍ തുടര്‍ നടപടി വൈകരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. യൂണിറ്റുകളിൽ എത്തുന്ന പരാതികളിൽ എന്ത് അന്വേഷണം വേണമെന്ന് എസ്പിമാർക്കു തീരുമാനിക്കാമെന്നും ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ വിജിലൻസ് ഡയറക്ടർ നിർദേശിച്ചു.

മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്‍ടറെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസ് യോഗം വിളിച്ചത്.

ഐജി ആർ ശ്രീലേഖ, മുൻമന്ത്രി ഇപി ജയരാജൻ എന്നിവർക്കെതിരേയുള്ള പരാതിയിലും അന്വേഷണം വൈകിപ്പിച്ചതിന് വിജിലൻസ് ഡയറക്ടർ വിമർശനം കേട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് വിജിലൻസ് ഡയറക്ടർ രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക