കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളില്‍ രാത്രികാല പഠന ക്ലാസുകള്‍ സജീവം; സംസ്ഥാനത്തെ സംശയാസ്‌പദ കൂട്ടായ്‌മകള്‍ നിരീക്ഷണത്തില്‍

ചൊവ്വ, 12 ജൂലൈ 2016 (14:20 IST)
കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി യുവതി യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) എത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഭീകര ബന്ധം സംശയിക്കുന്ന സംഘടനകള്‍ക്കൊപ്പം സംശയാസ്‌പദമായ കൂട്ടായ്‌മകള്‍ മുഴുവന്‍ കര്‍ശനമായ നിരീക്ഷണത്തില്‍. ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് കൂട്ടായ്‌മകളിലാണ് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു സംഘടനയുള്‍പ്പെടെ പത്തോളം സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. കോഴിക്കോട് ആസ്‌ഥാനമാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പീസ് എഡ്യുക്കേഷണല്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ക്ലാസുകള്‍ രാത്രിയില്‍  നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മാവോയിസ്‌റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലും പൊലീസ് അന്വേഷണം ശക്തമാക്കി. കേരളത്തില്‍ ഐഎസ് സ്വാധീനമുണ്ടെന്ന് കാട്ടി രണ്ടു വര്‍ഷം മുമ്പ് പൊലീസ് രഹസ്യാന്വേഷണ സംഘം ആദ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും മതിയായ അന്വേഷണം നടന്നിരുന്നില്ല. നിരവധി യുവതി യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഇന്റലിജിന്‍‌സ് സംവിധാനവും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അതേസമയം, രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 600 പെണ്‍കുട്ടികള്‍ മതം മാറ്റപ്പെട്ടതായി കേന്ദ്ര ഇന്റലിജിന്‍‌സ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കോട്ടയം, ഈരാറ്റുപേട്ട, മലപ്പുറം, കാസര്‍കോഡ് എന്നിവടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് മതം മാറ്റപ്പെട്ടത്.

വെബ്ദുനിയ വായിക്കുക