ഒടുവില്‍ ഭയന്നത് സംഭവിച്ചു; കാണാതായവര്‍ ഐഎസില്‍ തന്നെ - പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിങ്കള്‍, 25 ജൂലൈ 2016 (20:14 IST)
കേരളത്തിൽനിന്നു കാണാതായ മലയാളികൾക്ക് ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ബന്ധമുണ്ടെന്ന സ്‌ഥിരീകരിച്ച് പൊലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കേസ് പരിഗണിക്കുന്ന കോടതിയിൽ സമർപ്പിച്ചു.
കൊച്ചിയിൽ നിന്നും കാണാതായ മെറിനെ ഐസിലേക്ക് റിക്രൂട്ട് ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു. മെറിന്റെ ഭർത്താവ് യഹിയയും കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് അറസ്‌റ്റിലായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തകൻ ഖുറൈഷിയും ചേർന്നാണ് ഇവരെ ഐസിലെത്തിച്ചത്. മെറിന്റെ സഹോദരനെയും ഐസിൽ ചേർക്കാൻ ശ്രമം നടന്നതായി പൊലീസ് പറയുന്നു.
2014 സെപ്റ്റംബറിലാണ് മെറിനെ മുംബൈയിലെത്തിച്ച് യഹിയയും ഖുറേഷിയും മതം മാറ്റിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറില്‍ മെറിന്റെ സഹോദരന്‍ എബിനേയും മുംബൈയില്‍ എത്തിച്ചു മതം മാറ്റാന്‍ ശ്രമിച്ചുവെങ്കിലും ഈ ശ്രമം പരാജയപ്പെട്ടു.
അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസിന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ആളുകളെ മതംമാറ്റി കടത്തുന്നതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം, വിദേശത്തേക്ക് മനുഷ്യക്കടത്ത്, തീവ്രവാദപ്രവര്‍ത്തനം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ കേരളത്തിൽ നടന്ന നിർബന്ധിത മതപരിവർത്തനം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു. ഇത്തരത്തിൽ മതപരിവർത്തനം നടത്തിയതിനുള്ള തെളിവുകൾ കിട്ടിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.