ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനേ തുടര്‍ന്ന് തിരികെ വരാന്‍ കഴിയാതെ വിഷമിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി നോര്‍ക്ക. ഇറാഖില്‍ നിന്നൂം തിരിച്ചുവരാന്‍ താല്‍പര്യപ്പെടുന്ന മലയാളികളുടെ യാത്രക്കൂലി നോര്‍ക്ക വഹിക്കുമെന്ന് സിഇഒ പി.സുദീപ് അറിയിച്ചു.
നഴ്‌സുമാരില്‍ ചിലര്‍ തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ യാത്രാചെലവ് വഹിക്കും. മലയാളികള്‍ എല്ലാവരും സുരക്ഷിതരാണ്. ആശുപത്രിയില്‍ കഴിയുന്ന നഴ്‌സുമാരെല്ലാം സുരക്ഷിതരാണ്. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാണ്. അവരെ നാട്ടിലെത്തിക്കണമെങ്കില്‍ ബാഗ്ദാദിലെ വിമാനത്താവളത്തില്‍ എത്തിക്കണം.
നാലു മണിക്കൂര്‍ നീളുന്ന റോഡ് ഗതാഗതം സുരക്ഷാ ഭീഷണിയുള്ളതാണ്. നഴ്‌സുമാര്‍ എല്ലാ ദിവസവും നോര്‍ക്കയിലേക്ക് വിളിക്കാറുണ്ടെന്നും അവരുടെ ആശങ്ക അപ്പോള്‍ തന്നെ ഇറാഖിലുള്ള അംബാസഡറെ അറിയിക്കുന്നുണ്ടെന്നും സുദീപ് അറിയിച്ചു.
ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന 75 പേരുടെ ബന്ധുക്കള്‍ നോര്‍ക്കയുടെ സഹായം തേടിയിട്ടുണ്ട്. ഇവരില്‍ ഏറെയും നഴ്‌സുമാരുടെ കുടുംബാംഗങ്ങളാണ്. താമസിക്കുന്നിടങ്ങളില്‍ നിന്ന് പുറത്തേക്കു പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. നോര്‍ക്ക ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നും 00914712333339, ഇന്ത്യയില്‍ നിന്നും- 1800 425 3939.