സ്ത്രീ - പുരുഷ സമത്വത്തിന് ഇനി പതിമൂന്ന് വർഷം: പിണറായി വിജയൻ

ബുധന്‍, 8 മാര്‍ച്ച് 2017 (12:12 IST)
തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹാർദ്ദപരവും തൊഴിൽ നിയമങ്ങൾ സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതുമാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ:
 
"മാറുന്ന തൊഴിൽ ലോകത്തെ സ്ത്രീ" എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ വനിതാദിന പ്രമേയം. 2030ഓടെ സമസ്ത മേഖലകളിലും സ്ത്രീപുരുഷ സമത്വം കൈവരിക്കാനാവുമെന്നാണ് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളിലും ആർജിച്ച സാമൂഹ്യ സാംസ്കാരിക പുരോഗതിയിലും സ്ത്രീകൾ വഹിച്ച പങ്കു വലുതാണ്. 
 
സ്ത്രീകൾ കടന്നു ചെല്ലാത്ത മേഖലകൾ തീരെയില്ല എന്ന് തന്നെ പറയാം. കേരളത്തിന്റെ മനുഷ്യാദ്ധ്വാനശേഷിയുടെ പകുതിയിൽ അധികവും സ്ത്രീകളുടേതാണ്. അത് കൊണ്ട് തന്നെ 
സ്ത്രീസമത്വ സൂചകങ്ങൾ പ്രകാരം കേരളം വികസിത രാഷ്ട്രങ്ങൾക്കൊപ്പമാണ്. തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീസൗഹാർദ്ദപരവും തൊഴിൽ നിയമങ്ങൾ സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതുമാക്കാൻ സർക്കാർ ശ്രമിക്കും.
 
കേരളത്തിലെ കുറഞ്ഞ മാതൃശിശുമരണ നിരക്കും ഉയർന്ന സ്ത്രീസാക്ഷരതയും മെച്ചപ്പെട്ട സ്ത്രീപുരുഷാനുപാതവും നിലവാരം പുലർത്തുന്ന ഭൗതിക സാഹചര്യങ്ങളും ലോകശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് ഇനിയും ഉയർന്ന പരിഗണന നൽകും.
 
ലിംഗപരമായ അസമത്വങ്ങളെ അതിജീവിച്ച്, ധൈര്യവും നിശ്ചയദാർഢ്യവും കൈമുതലാക്കി സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയമേഖലകളിൽ സ്ത്രീകള്‍ മികവ് പുലർത്തുന്നു. ഇപ്രകാരം ലോകത്തിന്റെ തന്നെ ഭാഗധേയം നിർണയിക്കുന്നതിൽ പങ്കാളികളായ വനിതകളെ ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ നമുക്ക് അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യാം. അതോടൊപ്പം തന്നെ തൊഴിലിടങ്ങളിലും ഗാർഹികജീവിതത്തിലും അടിച്ചമർത്തലുകൾ അനുഭവിക്കുന്നവരെയും പരിഗണിക്കേണ്ടതുണ്ട്.
 
പുരുഷനൊപ്പം അഭിമാനത്തോടെയും ആർജ്ജവത്തോടെയും അദ്ധ്വാനിച്ചു മുന്നേറാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊതുസമൂഹമെന്ന നിലയിൽ നമ്മുടെ ലക്ഷ്യം. ഏവര്‍ക്കും വനിതാദിനാശംസകൾ.

വെബ്ദുനിയ വായിക്കുക