ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അടുത്ത സാമ്പത്തിക വർഷം എം പി ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം. 2017-18 വർഷത്തിൽ ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികൾ നിങ്ങൾക്ക് നിർദേശിക്കാം. അതിനർത്ഥം അവരവരുടെ നാട്ടിലെ ആവശ്യങ്ങൾ ഓരോന്നായി നൽകണമെന്നല്ല. മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിർദ്ദേശിക്കേണ്ടത്.
ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക- പശ്ചാത്തല മേഖലകളിൽ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ കഴിയുന്നതുമായ പദ്ധതികളാണ് നമുക്ക് വേണ്ടത്. ഇത്തരത്തിലുള്ള പുതുപുത്തൻ ആശയങ്ങൾ നിങ്ങളുടെ മനസിലുണ്ടാകും. അവ എനിക്കു നൽകുക. 5 കോടി രൂപയാണ് എം.പി ഫണ്ടായി ലഭിക്കുക. ഇതിൽ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങൾക്കും 37.5 ലക്ഷം പട്ടിക വർഗ വിഭാഗങ്ങൾക്കുമുള്ള പദ്ധതികൾക്കായി മാറ്റി വക്കണം.
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിർമ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വർഷങ്ങളിൽ എം പി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. 'ശ്രദ്ധ കാൻസർ പ്രതിരോധ പദ്ധതി'യിലെ 5 മാമോഗ്രാം യൂണിറ്റുകൾ, ഡയാലിസിസ് യൂണിറ്റുകൾ, 'Go Smart' - സ്മാർട്ട് സ്കൂൾ പദ്ധതി, സുരക്ഷിത യാത്ര - സുന്ദരയാത്ര' പദ്ധതി, പിന്നോക്ക - ദളിത്- ആദിവാസി മേഖലകൾക്കുള്ള കുടിവെള്ള പദ്ധതികൾ, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് - പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു.