നിലപാട് കടുപ്പിച്ച് അയല്‍‌ക്കാര്‍; ഇപ്പോഴുള്ള ക്ഷമ എപ്പോഴുമുണ്ടാകില്ലെന്ന് ചൈന - വീഴ്‌ച ഇന്ത്യയുടെ ഭാഗത്തോ ?

ചൊവ്വ, 18 ജൂലൈ 2017 (19:32 IST)
അതിർത്തി വിഷയത്തിൽ ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചൈന. സിക്കിമിലെ ദോക് ലാ മേഖലയിലെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയോട് നിലവിൽ കാണിക്കുന്ന ക്ഷമ എപ്പോഴുമുണ്ടാകില്ല. ഈ തര്‍ക്കം രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ഉപകരണമായി ഇന്ത്യ ഉപയോഗിക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ സൈന്യം ദോക് ലാ മേഖലയിൽ അതിക്രമിച്ച് കയറിയിരിക്കുകയാണ്. പ്രശ്നങ്ങൾ കൂടുതല്‍ വഷളാക്കാതെ ഇന്ത്യ  സൈന്യത്തെ ഉടൻ പിൻവലിക്കണം. ഇന്ത്യൻ സൈനികരുടെ നിയമവിരുദ്ധമായ കടന്നു കയറ്റം ചൈനയിലുള്ള പല വിദേശ നയന്ത്രഞ്ജരെയും ഞെട്ടിച്ചതായും അവരുമായി വിഷയം ചര്‍ച്ച ചെയ്‌തതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

സിക്കിമിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന ദോക് ലാ മേഖലയില്‍ ചൈനീസ് സൈന്യം നടത്തിയ റോഡ് നിർമാണം ഇന്ത്യ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഏതാണ്ട് മുപ്പതുദിവസമായി മേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ നേർക്കുനേർ നിൽക്കുകയാണ്.

ദോക് ലാ മേഖലയിലെ അതിര്‍ത്തി പ്രശ്‌നം കേന്ദ്രസര്‍ക്കാര്‍ ഇമേജ് വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്നതായി പല ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയ്‌ക്ക് കാരണമായത്.

വെബ്ദുനിയ വായിക്കുക