കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ഉണ്ടായ തീക്കാറ്റിനെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റി പഠിക്കും. മറ്റെവിടേയും ഇത്തരം പ്രതിഭാസം ഉണ്ടായിട്ടില്ലാത്തതിനാല്‍ വിശദമായ പഠനം ആവശ്യമാണെന്നും ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റി സംഘം ഒരാഴ്ചയ്ക്കകം ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.
അതേസമയം കോഴിക്കോടിലെ തീരദേശ മേഖലകളിലും, കണ്ണൂരിലെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ട തീക്കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും പ്രദേശവാസികളെ ആശങ്കയിലാക്കി. മൂന്നു ദിവസമായി പ്രദേശത്ത് ഇടവിട്ട് പ്രതിഭാസം ആവര്‍ത്തിരിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ മഴക്കാലത്തുണ്ടായ തീക്കാറ്റിന് വിശദീകരണം നല്‍കാന്‍ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ച്, എഴര, തോട്ടട കടപ്പുറം, ആദികടലായി, കണ്ണൂര്‍ ബേബി ബീച്ച്,പുതിയങ്ങാടി, മാട്ടൂര്‍ തീരങ്ങളിലും കോഴിക്കോട് ജില്ലയിലെ മന്ദമംഗലം,കൊയിലാണ്ടി, ഒഞ്ചിയം തുടങ്ങിയ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസം തീക്കാറ്റ് പ്രതിഭാസം ഉണ്ടായത്. ചൂടുകാറ്റില്‍ ചെടികളും മരങ്ങളും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഉഷ്‌ണക്കാറ്റ് അനുഭവപ്പെട്ട പ്രദേശങ്ങളില്‍ റെവന്യൂ ഉദ്യോഗസ്‌ഥര്‍ സന്ദര്‍ശനം നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു.