ഹോര്‍ട്ടികോര്‍പ്പ് അന്യസംസ്ഥാന പച്ചക്കറി വിവാദം; റംസാൻ അവധിയായതിനാലാണു തമിഴ്നാട്ടിൽ നിന്നു പച്ചക്കറി വാങ്ങിയതെന്ന് മുൻ എംഡി സുരേഷ് കുമാർ

ശനി, 16 ജൂലൈ 2016 (10:51 IST)
ഹോർട്ടികോർപ്പിലെ അന്യസംസ്ഥാന പച്ചക്കറി വിവാദത്തിൽ വിശദീകരണവുമായി പിരിച്ച്പിടപ്പെട്ട എം ഡി സുരേഷ് കുമാർ രംഗത്ത്. റംസാൻ അവധി ആയതിനാൽ തദ്ദേശ മാർക്കറ്റ് വഴി പച്ചക്കറി ലഭിക്കാത്തതിനെ തുടർന്നാണ് ഹോർട്ടി കോർപ്പ് വഴി തമിഴ്നാട്ടിലെ പച്ചക്കറി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പത്ര പരസ്യത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
 
റംസാന്‍ അവധിയായതിനാല്‍ തിരുവനന്തപുരത്തെയും നെടുമങ്ങാട്ടെയും വേള്‍ഡ് മാര്‍ക്കറ്റുകള്‍ അവധിയായിരുന്നു. ഹോര്‍ട്ടികോര്‍പ്പിനു പച്ചക്കറി നല്‍കുന്ന കര്‍ഷക കൂട്ടായ്മകളില്‍നിന്നുള്ള പച്ചക്കറികളും എത്തിയിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്നും സുരേഷ് കുമാര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.
 
ഹോർട്ടികോർപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ സുരേഷ് കുമാറിനെ പിരിച്ചുവിട്ടിരുന്നു. ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി സംഭരണവും വിതരണവും സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടിരുന്നു. തമിഴ്നാട്ടില്‍ നിന്നും ഗുണനിലവാരമില്ലാത്ത പച്ചക്കറികള്‍ വന്‍തോതില്‍ വാങ്ങുകയും പ്രദേശികമായി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വാങ്ങാതിരിക്കുകയും ചെയ്യുന്നതായി മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്. 

വെബ്ദുനിയ വായിക്കുക