ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന ഇരകളായ ആളുകള്‍ പരാതി നല്‍കിയാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ മീ ടു ആരോപണത്തിലും മന്ത്രി പ്രതികരിച്ചു.
' ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു പരാതി നല്‍കിയാല്‍ ഏതു ഉന്നതനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിട്ടുവീഴ്ച ഉണ്ടാകില്ല. ആരോപണങ്ങളില്‍ മാത്രം കേസെടുക്കാന്‍ സാധിക്കില്ല. തീവ്ര രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് ഹേമ കമ്മിറ്റിയില്‍ നിര്‍ദേശമുണ്ട്. അതുകൊണ്ടാണ് ചില പേരുകള്‍ മാറ്റിയത്. സര്‍ക്കാരിനു ഇതു സംബന്ധിച്ച് ഒന്നും മറയ്ക്കാനില്ല. ആരോപണം ഉന്നയിച്ചാല്‍ വസ്തുത ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം. പക്ഷേ പരാതി കൊടുക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്. ആക്ഷേപങ്ങളിലും ആരോപണങ്ങളിലും നടപടിയെടുക്കാന്‍ സാധിക്കില്ല,' സജി ചെറിയാന്‍ പറഞ്ഞു.
' ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. പരാതി വന്നാല്‍ നടപടിയുണ്ടാകും. ആരോപണത്തില്‍ കേസെടുത്താല്‍ അത് നിലനില്‍ക്കില്ല, പരാതി നല്‍കിയാല്‍ മാത്രം നടപടി. രഞ്ജിത്തുമായി താന്‍ എന്തു സംസാരിച്ചു എന്നത് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ല,' മന്ത്രി കൂട്ടിച്ചേര്‍ത്തു.